നടിയെ ആക്രമിച്ച കേസ്: ദിലീപും ശരത്തും കോടതിയിൽ ഹാജരായി; കുറ്റം നിഷേധിച്ച് പ്രതികൾ
മഞ്ജുവാര്യർ ഉൾപ്പെടെ ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പേരുകൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപും സുഹൃത്ത് ശരത്തും വിചാരണാക്കോടതിയിൽ ഹാജരായി. അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ച തുടരന്വേഷണത്തിന്റെ കുറ്റപത്രം ഇരുവരെയും വായിച്ചു കേൾപ്പിച്ചു. കേസിലെ തെളിവുകൾ നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതായും ശരത് ഇതിനു കൂട്ടുനിന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ കുറ്റങ്ങളാണ് അധിക കുറ്റപത്രത്തിൽ ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ ഇരു പ്രതികളും കോടതിയിൽ കുറ്റം നിഷേധിച്ചു. കുറ്റപത്രം പ്രകാരം ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പേരുകൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ഈ പട്ടികയിൽ നടി മഞ്ജുവാര്യറും സംവിധായകനും ബാലചന്ദ്രകുമാറും ഉണ്ട്. അതേസമയം, നവംബർ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. വിചാരണ എപ്പോൾ ആരംഭിക്കണം എന്ന് നവംബർ മൂന്നിന് തീരുമാനിക്കും.
അധികകുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന നടപടികള്‍ കോടതിയില്‍ ആരംഭിച്ചതിനു പിന്നാലെയാണ് ദിലീപും ശരത്തും ഹാജരായത്. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടും ചുമത്തിയിരിക്കുന്ന കുറ്റങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ശരത്തും സമര്‍പ്പിച്ച ഹരജി വെള്ളിയാഴ്ച കോടതി തള്ളിയിരുന്നു. കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കി ഹരജി തള്ളിയ കോടതി 31ന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അധിക കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഇന്ന് കോടതിയിൽ ഹാജരായത്.
ഒമ്പതാം പ്രതിയായി ശരത്തിനെ ഉള്‍പ്പെടുത്തിയുള്ള അധിക കുറ്റപത്രം ജൂലൈ 22നാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന്റെ വിചാരണ അടുത്തമാസം തുടങ്ങുന്നതിനു മുന്നോടിയായാണ് ഇപ്പോള്‍ അധികകുറ്റപത്രം പ്രതികളെ വായിച്ചുകേള്‍പ്പിച്ചത്. ഈ കുറ്റപത്രത്തിലെ 97 സാക്ഷികളും ആദ്യ കുറ്റപത്രത്തിലെ 18 സാക്ഷികളും ഉള്‍പ്പെടെ 115 സാക്ഷികളാണ് നടിയെ ആക്രമിച്ച കേസിലുള്ളത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ജനുവരി നാലിനായിരുന്നു ഹൈക്കോടതി കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. 16 ദിവസത്തിനകം തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു കോടതി ഉത്തരവ്.
ജനുവരി 20ഓടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിചാരണ പുനരാരംഭിക്കുകയും ഫെബ്രുവരി 16ഓടെ വിചാരണ പൂര്‍ത്തിയാക്കി നടിയെ ആക്രമിച്ച കേസിലെ വിധി പറയണം എന്നായിരുന്നു സുപ്രിംകോടതി അന്ത്യശാസനം. എന്നാല്‍ ജനുവരി 20ന് അന്വേഷണ സംഘം കോടതിയില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കൂടുതല്‍ സമയം ആവശ്യപ്പെടുകയു ചെയ്തു. തുടര്‍ന്നാണ് ജൂലൈ 22ന് അധിക കുറ്റപത്രം സമര്‍പ്പിച്ചത്.
ഇതില്‍ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ഫോണിലെ വിവരങ്ങള്‍ മുംബൈയിലെ സ്വകാര്യ ലാബിന്റേയും സ്വകാര്യ ഹാക്കറുടേയും സഹായത്തോടെ നീക്കം ചെയ്തു, തെളിവുകള്‍ നശിപ്പിച്ചു എന്നതാണ് ദിലീപിനെതിരായ അധിക കുറ്റം. ഇതിന് കൂട്ടുനിന്നു എന്ന കുറ്റമാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.