ഫോൺ ഡാറ്റ സൂപ്പർ ഇംപോസ് ചെയ്താൽ കണ്ടെത്താൻ ബുദ്ധിമുട്ട്: വിദഗ്ധൻ
കൃത്രിമം നടത്തിയതിന്റെ തെളിവ് കണ്ടെത്താം
ദിലീപടക്കമുള്ള പ്രതികളുടെ ഫോൺ ലഭിച്ചാലും അതിലെ പ്രധാനപ്പെട്ട തെളിവുകൾക്ക് മുകളിൽ മറ്റേതെങ്കിലും ഡാറ്റ സൂപ്പർ ഇംപോസ് ചെയ്താൽ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് സൈബർ വിദഗ്ധർ. സാധാരണ ഗതിയിൽ ഏത് ഫോണാണെങ്കിലും നാലോ അഞ്ചോ വർഷം മുമ്പുള്ള ഡാറ്റകൾ തിരിച്ചെടുക്കാൻ സാധിക്കും. എന്നാൽ ഏത് ഡാറ്റയാണ് കേസിൽ തെളിവാകുക എന്ന് കൃത്യമായി കണ്ടെത്തി അത് മുകളിൽ മറ്റെന്തെങ്കിലും ഡാറ്റ ഇംപോസ് ചെയ്താൽ പഴയ ഡാറ്റ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് സൈബർ ഫോറൻസ് വിദഗ്ധൻ ഡോ.വിനോദ് ഭട്ടതിരിപ്പാട് പറഞ്ഞു. ദിലീപ് കേസുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പഴയ ഡാറ്റയെ മായ്ച്ച് കളയുന്ന രീതിയിൽ പുതിയ ഡാറ്റ ഇവിടെ സൂപ്പർ ഇംപോസ് ചെയ്യാൻ ഒരു സൈബർ വിദഗ്ധന്റെ സഹായത്തോടെ കഴിയും. കൃത്രിമം നടത്താൻ വളരെ കുറഞ്ഞ സമയം മാത്രം മതി. എന്നാൽ പഴയ ഡാറ്റ കണ്ടെത്താൻ സാധിക്കില്ലെങ്കിലും അവിടെ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ സാധിക്കും. സ്വപ്‌ന കേസിലും ഇതുപോലെ നടന്നിട്ടുണ്ട്. ഈ കേസിൽ സിസിടിവി പിടിച്ചെടുത്തപ്പോൾ സ്വപ്ന സ്വർണം കൈമാറുന്നതിന്റെ തെളിവ് നശിപ്പിച്ചിരുന്നു. ഇത് കണ്ടെത്താനായിട്ടില്ലെങ്കിലും അവിടെ കൃത്രിമം നടത്തിയതായി കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോൺ പരിശോധിച്ച് തെളിവുകൾ കണ്ടെത്താൻ സാധാരണ ഗതിയിൽ ഒന്നോ രണ്ടോദിവസം മാത്രം മതി. എന്നാൽ കോടതി ഫോണിലെ വിവരങ്ങൾ റെക്കോർഡ് ചെയ്ത് തിരുവനന്തപുരത്തോ ഹൈദരബാദിലെയോ ഫൊറൻസിക് ഓഫീസിലേക്ക് പരിശോധനക്ക് അയച്ച് തിരികെയെത്താൻ ചിലപ്പോൾ ഒരാഴ്ചയിൽ കൂടുതൽ സമയമെടുത്തേക്കാം.
തെളിവുകൾ ഉണ്ടെങ്കിൽ ഫോൺ നശിച്ചുപോയി, കളഞ്ഞുപോയി എന്നാണ് പൊതുവെ പറയാറ്. എന്നാൽ ദിലീപ് ഇവിടെ ഫോൺ കൈയിലുണ്ട് തരാൻ സാധിക്കില്ലെന്നാണ് പറയുന്നത്. ഫോണിൽ തെളിവുണ്ട് എന്ന് അന്വേഷണ സംഘത്തിന്റെ വിശ്വാസം മാത്രമാണ്.ആ സമയത്ത് വിളിക്കാൻ ഉപയോഗിച്ച സിം ഈ പറയുന്ന ഫോണുകളിലല്ല ഉപയോഗിച്ചതെങ്കിൽ തെളിവുകൾ ലഭിക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളുണ്ടെങ്കിൽ അതിൽ കൃത്രിമം നടത്തിയതിന്റെ തെളിവ് കണ്ടെടുക്കലാണ് ഇനി ഫൊറൻസിക് ഉദ്യോഗസ്ഥർക്ക് മുന്നിലുള്ള വെല്ലുവിളി.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കുമുള്ള പ്രതികളുടെ ഫോൺ തിങ്കളാഴ്ച കൈമാറാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ദിലീപിന്റെ ഫോണാണ് ഏറ്റവും വലിയ തെളിവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.