വർക്ക്‌ഷോപ്പിലാണെന്ന് ദിലീപ്; കാർ വീട്ടിൽ നിന്ന് പിടിച്ചെടുത്തു

പൾസർ സുനിയും ദിലീപും തമ്മിൽ ഒരുമിച്ച് ഗൂഡാലോചന നടത്തിയെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയ കാറാണ് പിടിച്ചെടുത്തത്

Update: 2022-04-01 13:17 GMT
Advertising

കൊച്ചി: പൊലീസിന്റെ ചോദ്യം ചെയ്യലിൽ വർക്ക്‌ഷോപ്പിലാണെന്ന് ദിലീപ് അറിയിച്ച കാർ നടന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. പൾസർ സുനിയും ദിലീപും തമ്മിൽ ഒരുമിച്ച് ഗൂഡാലോചന നടത്തിയെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ചുവന്ന സിഫ്റ്റ് കാറാണ് പിടിച്ചെടുത്തത്. പൾസർ സുനിയും ബാലചന്ദ്രകുമാറും 2016 ൽ സഞ്ചരിച്ചതും ഇതേ കാറിലായിരുന്നു. ചോദ്യം ചെയ്യലിൽ കാറിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു.

അതേസമയം, പൾസർ സുനി ദിലീപിന് അയച്ച കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്തി. പൾസറിന്‍റെ സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്‍റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. 2018 മെയ്‌ 7 നായിരുന്നു ജയിലിൽ നിന്ന് പൾസർ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയിൽ മാപ്പിരക്കും എന്നായിരുന്നു കത്തിൽ ഉണ്ടായത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവയ്ക്കാൻ ആകില്ല എന്നും കത്തിലുണ്ട്. നടിയെ ആക്രമിച്ചതിന്‍റെ ഗൂഢാലോചനയിലെ നിർണായക തെളിവാകും കത്ത്. കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല.ദിലീപിന്‍റെ അഭിഭാഷകൻ സജിത്തിൽ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങൾ കഴിഞ്ഞു തിരിച്ചു നൽകുകയും ചെയ്യുകയായിരുന്നു. കത്തിന്‍റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കയ്യക്ഷരത്തിന്‍റെ സാമ്പിൾ ശേഖരിച്ചു. ഇന്നലെ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്. ഈ സാമ്പിൾ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. കഴിഞ്ഞ ദിവസം സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ തുടരന്വേണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയാണ് നടപടി. ജയിലില്‍ സുരക്ഷാഭീഷണിയുണ്ടെന്നായിരുന്നു പള്‍സര്‍ സുനിയുടെ വാദം.

ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനകേസ് സിബിഐക്ക് വിടുന്നതിനെ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എതിർത്തിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസ് സിബിഐക്ക് വിടുന്ന വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക താത്പര്യങ്ങളുണ്ടോയെന്നും മറ്റേതെങ്കിലും ഏജന്‍സിക്ക് അന്വേഷണം കൈമാറുന്നതില്‍ എതിര്‍പ്പുണ്ടോയെന്നും കോടതി ചോദിച്ചു. തെളിവുകള്‍ കയ്യിലുണ്ടായിരുന്നിട്ടും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ചോദിച്ച കോടതി, നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയന്ന് സംശയമുണ്ടാക്കില്ലേ എന്നും ചോദിച്ചു.

വധഗൂഡാലോചനാ കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കോടതിയുടെ മുന്നറിയിപ്പ് ഉണ്ടായിച്ചും തെളിവുകള്‍ നശിപ്പിച്ചു. ഏഴ് ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ട് 6 ഫോണുകള്‍ മാത്രമാണ് കൈമാറിയത്. ഹാജരാക്കിയ ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്തെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അങ്ങനെയെങ്കിൽ കേസിൽ ബാലചന്ദ്രകുമാർ എന്തുകൊണ്ട് ഫസ്റ്റ് ഇൻഫോർമർ ആയില്ലെന്ന് കോടതി ചോദിച്ചു. കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചു.

എന്നാല്‍ അത്തരം കാര്യങ്ങളിലേക്ക് കൂടുതല്‍ കടക്കേണ്ടതില്ലെന്നും ഒരു കുറ്റകൃത്യം വെളിപ്പെട്ടു എന്ന് കരുതിയാല്‍ മതിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ബാലചന്ദ്രകുമാറും ദിലീപും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് കേസ് പരിഗണിക്കുന്നത്.കേസില്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുന്നത്. ദിലീപ് ഫോണുകള്‍ മുബൈയിലേക്കയച്ചത് തെളിവ് നശിപ്പിക്കാനാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഒന്നും മറയ്ക്കാനില്ലെങ്കില്‍ കോടതി ഉത്തരവിട്ട ശേഷം എന്തിന് തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യും. ഇതിനായി സർക്കാർ അനുമതി തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അടുത്തയാഴ്ച കാവ്യയെ ചോദ്യം ചെയ്യാനാണ് നീക്കം. സാക്ഷികളെ സ്വാധീനിക്കാനാണോ ദിലീപ് വിദേശയാത്ര നടത്തിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന് ഇറാൻ സ്വദേശിയുടെ സഹായം ലഭിച്ചിരുന്നോ എന്നതും അന്വേഷണ വിധേയമാണ്.നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയുമാണ് അടുത്തതായി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ദിലീപിന് മുൻപിൽ ക്രൈംബ്രാഞ്ച് ഹാജരാക്കിയ പല തെളിവുകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാലാണ് ചോദ്യം ചെയ്യൽ. ഇവർക്ക് ശേഷമാകും കാവ്യാ മാധവനെ ചോദ്യം ചെയ്യുക.


Full View


Dileep's car was seized from the house

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News