ഗൂഢാലോചന കേസില്‍ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും

കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നുമാണ് ദിലീപിന്‍റെ വാദം

Update: 2022-03-09 01:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നുമാണ് ദിലീപിന്‍റെ വാദം. പൊലീസുകാർ വാദികളായ കേസിൽ അന്വേഷണം നീതിയുക്തമായി നടക്കില്ല.

കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ഹരജിയിൽ ദിലീപ് ആവശ്യപ്പെടുന്നു. ദിലീപ് ഫോൺ വിശദാംശങ്ങൾ ഉൾപ്പടെയുളള തെളിവുകൾ നശിപ്പിച്ചെന്ന് ചൂണ്ടി കാട്ടി സർക്കാർ വിശദീകരണം നൽകിയിട്ടുണ്ട്. ഇതിന് മറുപടി നൽകാൻ ദിലീപ് ഇന്ന് കോടതിയിൽ സമയം ആവശ്യപ്പെടും.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കി ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും, ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നുമാരോപിച്ചാണ് എട്ടാം പ്രതിയായ നടൻ ദിലീപ് ഹരജി നല്‍കിയത്. ഏതുകേസിലും ഏതു സമയത്തും പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായാൽ പുനരന്വേഷണമോ തുടരന്വേഷമോ നടത്താൻ പ്രോസിക്യൂഷന് അവകാശമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം .സംവിധായകൻ ബാല ചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകൾ നിർണായകമാണെന്നും പരിശോധന വേണമെന്നുമായിരുന്നു പ്രോസിക്യൂഷൻ അറിയിച്ചത്. തെളിവുകളുടെ ആധികാരികതയും ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ വിശ്വാസതയും ഈ ഘട്ടത്തില്‍ പരിശോധിക്കുന്നില്ലെന്നും എന്നാല്‍ കേസില്‍ അന്വോഷണം തുടരാമെന്നും സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചത്. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകള്‍ ഇല്ലാതാക്കാനാണ് തുടരന്വേഷണമെന്നും അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് ആരോപിച്ചിരുന്നു.

എന്നാല്‍ കേസിൽ തുടരന്വേഷണം തടയരുതെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹരജിയില്‍ കക്ഷി ചേർന്നിരുന്നു. ബാലചന്ദ്ര കുമാറിന്‍റെ ആരോപണങ്ങൾ തെറ്റാണന്ന് പൂർണ ബോധ്യമുണ്ടെങ്കിൽ തുടരന്വേഷണത്തെ എന്തിനാണ് എതിർക്കുന്നതെന്ന് നടി കോടതിയില്‍ ചോദിച്ചിരുന്നു. അന്വേഷണം നടക്കണമെന്നും സത്യം പുറത്തു വരണമെന്നുമായിരുന്നു നടിയുടെ ആവശ്യം. നടിയുടെ കൂടെ ആവശ്യം പരിഗണിച്ചാണ് തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News