'മാടമ്പിത്തരവും ആജ്ഞാപിക്കലുമൊക്കെ കൈയിൽ വച്ചാൽ മതി; എന്റെ റെലവൻസ് തീരുമാനിക്കുന്നത് നിങ്ങളല്ല'; രഞ്ജിത്തിനോട് ഡോ. ബിജു
'കേരളത്തിനപ്പുറവും ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തൽ തനിക്ക് ആവശ്യമില്ല'.
തന്റെ സിനിമയ്ക്ക് യാതൊരു പ്രസക്തിയില്ലെന്നും തിയറ്ററിൽ ആളുകൾ കയറിയില്ലെന്നുമുൾപ്പെടെയുള്ള ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ ആരോപണത്തിന് മറുപടിയുമായി ഡോ. ബിജു. തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ താൻ ആളല്ലെന്ന് ഡോ. ബിജു തുറന്നടിച്ചു. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർഥം ആണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഡോ. ബിജുവിന്റെ 'അദൃശ്യ ജാലകങ്ങൾ' സിനിമയെ കുറിച്ചായിരുന്നു രഞ്ജിത്തിന്റെ പരാമർശം. നെറ്റ്ഫ്ലിക്സ് ഉയർന്ന തുകയ്ക്ക് സംപ്രേഷണ അവകാശം വാങ്ങിയതാണ് ഈ സിനിമയെന്നും ഇപ്പോൾ അതിൽ ധാരാളം ആളുകൾ കണ്ടുകൊണ്ടിരിക്കുകയും വളരെയേറെ ക്രിട്ടിക്കൽ അംഗീകാരം കിട്ടുകയും ചെയ്ത ഈ സിനിമയാണെന്നും ഡോ. ബിജു പറയുന്നു. ഈ സിനിമ താങ്കൾ ചെയർമാൻ ആയ മേളയിൽ തള്ളിക്കളയുകയും പിന്നീട് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയിൽ മലയാള ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ മത്സരവിഭാഗത്തിൽ ഇടംപിടിക്കുകയും ചെയ്തു. അതുകൊണ്ടുമാത്രം ഫെസ്റ്റിവൽ കലൈഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ തന്നോട് അനുമതി ചോദിച്ചു പ്രദർശിപ്പിക്കുകയും ചെയ്തതാണ്.
അതിന്റെ ആദ്യ പ്രദർശനത്തിന് അഭൂത പൂർവമായ തിരക്കും ആയിരുന്നു ഐഎഫ്എഫ്കെയിൽ. രണ്ടാമത്തെ പ്രദർശനം നടക്കാനിരിക്കുമ്പോൾ അതും റിസർവേഷൻ ആദ്യത്തെ അഞ്ചു മിനിറ്റിൽ ഫുൾ ആയതുമാണ്. അതൊന്നും താങ്കൾ അറിഞ്ഞിട്ടുണ്ടാവില്ല. അത്തരത്തിൽ ഐഎഫ്എഫ്കെയിൽ ഡെലിഗേറ്റുകൾ കാണുന്ന ഒരു ചിത്രത്തിന്റെ സംവിധായകന്റെ പ്രസക്തി എന്താണ് എന്നത് വിലയിരുത്താൻ താങ്കൾ ആളായിട്ടില്ല.
കേരളത്തിനപ്പുറവും ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തൽ തനിക്ക് ആവശ്യമില്ല. താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങൾക്കും നന്ദി. സിനിമ എന്നാൽ ആൾക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരിമിത ധാരണയ്ക്കും നന്ദി എന്നാണ് താൻ താങ്കൾക്ക് പേഴ്‌സണൽ മെസ്സേജ് അയച്ചത്. "മറു വാക്കുകൾക്ക് നന്ദി" എന്നും പിന്നീട് "മതി നിർത്തിക്കോ" എന്ന ഒരു ഭീഷണി സന്ദേശവും ആണ് താങ്കൾ മറുപടി ആയി നൽകിയത്. മതി നിർത്തിക്കോ എന്ന ആജ്ഞ അനുസരിക്കാൻ എനിക്ക് ബാധ്യതയും സൗകര്യവും ഇല്ല എന്ന് താങ്കൾക്ക് ഞാൻ മറുപടി ആയി അറിയിക്കുകയും ചെയ്തിട്ടുണ്ട്. താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കൈയിൽ വച്ചാൽ മതി. തന്റെയടുത്തേക്ക് വേണ്ട എന്ന് പരസ്യമായി പറയാൻ കൂടിയാണ് ഈ കുറിപ്പ്. ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കാൻ എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം പരിശോധിക്കണമെന്നും ഡോ. ബിജു വിശദമാക്കി.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളാ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന സ്ഥാനത്തിരിക്കുന്ന ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് ഒരു തുറന്ന കത്ത്.
താങ്കൾ ഒരു മാധ്യമത്തിന് നൽകിയ വീഡിയോ ഇന്റർവ്യൂ ചില സുഹൃത്തുക്കൾ എന്റെ ശ്രദ്ധയിൽ പെടുത്തുക ഉണ്ടായി. അതിൽ താങ്കൾ എന്നെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങൾ കണ്ടു. താങ്കൾ പറയുന്നത് ഇതാണ്.
ഡോ. ബിജു ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോൾ തിയറ്ററിൽ റിലീസ് ചെയ്തു. അതിനു തിയറ്ററിൽ ആളുകൾ കയറിയില്ല. അതേസമയം മറ്റൊരു സംവിധായകന്റെ സിനിമ (പേര് പറയുന്നത് ശരിയല്ലാത്തതിനാൽ ഞാൻ പറയുന്നില്ല ) തിയറ്ററിൽ വന്നു അതിനു നല്ല ആൾ തിരക്ക് ആയിരുന്നു . ആ സിനിമയ്ക്ക് തിയറ്ററിൽ ആൾ വന്നു ഇവിടെ മേളയിലും തിരഞ്ഞെടുക്കപ്പെട്ടു . ഇനി അടുത്ത സംസ്ഥാന അവാർഡിൽ ചിലപ്പോൾ ആ സിനിമയ്ക്ക് അവാർഡുകളും കിട്ടും. അപ്പോൾ തിയറ്ററിൽ ആള് വരികയും അവാർഡുകൾ കിട്ടുകയും ചെയ്യുന്ന സിനിമയും ആകുന്നു. ഇവിടെയാണ് ഡോക്ടർ ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടത് . തിയറ്ററിൽ ആളുകൾ കയറാത്ത സിനിമ ഒക്കെ എടുക്കുന്ന ഡോക്ടർ ബിജുവിന് ഒക്കെ എന്താണ് റെലവൻസ് ഉള്ളത്. ഇതാണ് താങ്കൾ പറഞ്ഞത്.
ആദ്യമേ തന്നെ താങ്കളുടെ അജ്ഞതയിൽ സഹതാപം രേഖപ്പെടുത്തട്ടെ. തിയറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല . കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും . തിയറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല . ഒന്ന് രണ്ടു കാര്യം മാത്രം സൂചിപ്പിക്കാം . നെറ്റ്ഫ്ലിക്സ് ഉയർന്ന തുകയ്ക്ക് സംപ്രേഷണ അവകാശം വാങ്ങിയതാണ് ഈ സിനിമ . ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ധാരാളം ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന , വളരെയേറെ ക്രിട്ടിക്കൽ അംഗീകാരം കിട്ടിയ ഈ സിനിമ താങ്കൾ ചെയർമാൻ ആയ മേള യിൽ താങ്കളുടെ സുഹൃത്തിനെ വെച്ച് സിനിമകൾ തിരഞ്ഞെടുത്തപ്പോൾ തള്ളിക്കളയുകയും പിന്നീട് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ മത്സര വിഭാഗത്തിൽ ഇടം പിടിക്കുകയും ചെയ്തത് കൊണ്ട് മാത്രം ഫെസ്റ്റിവൽ കലൈഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ എന്നോട് അനുമതി ചോദിച്ചു പ്രദർശിപ്പിക്കുകയും ചെയ്തതാണ് എന്റെ സിനിമ.
അതിന്റെ ആദ്യ പ്രദർശനത്തിന് അഭൂത പൂർവമായ തിരക്കും ആയിരുന്നു ഐഎഫ്എഫ്കെയിൽ. രണ്ടാമത്തെ പ്രദർശനം നാളെ നടക്കുമ്പോൾ അതും റിസർവേഷൻ ആദ്യത്തെ അഞ്ചു മിനിറ്റിൽ ഫുൾ ആയതുമാണ്. അതൊന്നും താങ്കൾ അറിഞ്ഞിട്ടുണ്ടാവില്ല. അത്തരത്തിൽ ഐഎഫ്എഫ്കെ യിൽ ഡെലിഗേറ്റുകൾ കാണുന്ന ഒരു ചിത്രത്തിന്റെ സംവിധായകന്റെ പ്രസക്തി എന്താണ് എന്നത് വിലയിരുത്താൻ താങ്കൾ ആളായിട്ടില്ല. ഒരു കാര്യം ചോദിച്ചോട്ടെ , വിവിധ ലോക രാജ്യങ്ങളിൽ നിന്നായി ഈ മേളയിൽ പ്രദർശിപ്പിക്കുന്ന നിരവധി സിനിമകൾ ഉണ്ട്.
ലോകത്തെ പ്രധാന ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയത് കൊണ്ടാണല്ലോ ആ ലോക സിനിമകൾ ഇവിടെ മേളയിൽ കാണിക്കുന്നത് . അല്ലാതെ ആ സിനിമകൾ അവിടങ്ങളിൽ തിയറ്ററുകളിൽ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത്. അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങൾ ആണല്ലോ കേരളാ സർക്കാരിന്റെ ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കുന്നത് എന്നോർക്കുമ്പോൾ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നുണ്ട്. കഴിഞ്ഞ മേളയിൽ ഡെലിഗേറ്റുകളെ പട്ടിയോടു ഉപമിച്ച താങ്കൾ ഇത്തവണ താങ്കൾ ചെയർമാനായ മേളയിൽ ഏറ്റവും പ്രെസ്റ്റീജിയസ് ആയ ഒരു വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സംവിധായകനോട് പറയുകയാണ് നിങ്ങളുടെ സിനിമ തിയറ്ററിൽ ആളെ കൂട്ടാത്തത് കൊണ്ട് നിങ്ങൾക്ക് എന്താണ് റെലവൻസ് എന്ന്.
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഞാൻ താങ്കൾക്ക് ഒരു സന്ദേശം അയച്ചിരുന്നുവല്ലോ .അതിങ്ങനെ ആയിരുന്നു എന്റെ റെലവൻസ് തീരുമാനിക്കുന്നത് മിസ്റ്റർ രഞ്ജിത്ത് അല്ല . കേരളത്തിനപ്പുറവും, ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തൽ എനിക്ക് ആവശ്യമില്ല . താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങൾക്കും നന്ദി , സിനിമ എന്നാൽ ആൾക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരിമിത ധാരണയ്ക്കും നന്ദി എന്നാണു ഞാൻ താങ്കൾക്കു പേഴ്‌സണൽ മെസ്സേജ് അയച്ചത് . "മറു വാക്കുകൾക്ക് നന്ദി " എന്നും പിന്നീട് "മതി നിർത്തിക്കോ " എന്ന ഒരു ഭീഷണി സന്ദേശവും ആണ് താങ്കൾ മറുപടി ആയി നൽകിയത്. മതി നിർത്തിക്കോ എന്ന ആജ്ഞ അനുസരിക്കാൻ എനിക്ക് ബാധ്യതയും സൗകര്യവും ഇല്ല എന്ന് താങ്കൾക്ക് ഞാൻ മറുപടി ആയി അറിയിക്കുകയും ചെയ്തിട്ടുണ്ട് . താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യിൽ വെച്ചാൽ മതി . എന്റടുത്തേക്ക് വേണ്ട എന്ന് പരസ്യമായി പറയാൻ കൂടിയാണ് ഈ കുറിപ്പ്.
എന്റെ റെലവൻസ് എന്താണ് എന്ന് ഞാൻ ചിന്തിക്കണം എന്നാണല്ലോ താങ്കൾ ആവശ്യപ്പെടുന്നത് . ചിന്തിച്ചു . ഏറ്റവും ഒടുവിലായി കിട്ടിയ വലിയ അന്താരാഷ്‌ട്ര പുരസ്കാരം നൽകിയത് നൂറി ബിൽഗേ സെയ്ലാൻ എന്ന സംവിധായകൻ ചെയർമാൻ ആയ ഒരു ജൂറി ആയിരുന്നു . ആ സംവിധായകൻ ആരാണെന്നു താങ്കൾ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുമല്ലോ . തിയറ്ററിൽ ആളെ കൂട്ടുന്ന സംവിധായകൻ അല്ലാത്തത് കൊണ്ട് താങ്കൾക്ക് അദ്ദേഹത്തിന്റെ റെലവൻസും അറിയില്ലായിരിക്കാം . ഏതായാലും എനിക്ക് താങ്കൾ ഒരു ഉപദേശം നല്കിയല്ലോ , തിരിച്ചു ഞാൻ താങ്കൾക്കും ഒരു ഉപദേശം നൽകിക്കോട്ടെ ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കാൻ എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ .
സ്നേഹപൂർവ്വം തിയറ്ററിൽ ആളെക്കൂട്ടാൻ വേണ്ടി മാത്രം സിനിമ എടുക്കാൻ യാതൊരു ഉദ്ദേശവും പണ്ടും ഇപ്പോഴും ഇനിയും ഇല്ലാത്ത ഒരു ചലച്ചിത്ര സംവിധായകൻ