സി.പി.എം സഹകരണത്തെച്ചൊല്ലി സമസ്ത - ലീഗ് വേദികളിൽ ചർച്ച കൊഴുക്കുന്നു
സി.പി.എം സഹകരണത്തെ അനുകൂലിക്കുന്ന സമസ്തയിലെ ഒരു വിഭാഗമാണ് വിവാദങ്ങൾക്ക് പിന്നിലെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്
കോഴിക്കോട്: അഭിപ്രായ വ്യത്യാസങ്ങളില്‍ സമവായം കണ്ടെത്താനുള്ള ശ്രമം നടക്കുമ്പോഴും സി.പി.എം സഹകരണത്തെച്ചൊല്ലി സമസ്ത - ലീഗ് വേദികളില്‍ ചർച്ച കൊഴുക്കുന്നു.
എസ്.വൈ.എസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിന്റെയും ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായിയുടെയും പ്രഭാഷണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. അതിനിടെ സി.ഐ.സി ഉള്‍പ്പെടെ വിഷയങ്ങളില്‍ സമവായ ഫോർമുല വൈകാതെയുണ്ടാകുമെന്ന് സമസ്ത - ലീഗ് നേതാക്കള്‍ അറിയിച്ചു.
സി.ഐ.സി വിഷയം കീറാമുട്ടിയായതോടെയാണ് ലീഗിലെയും സമസ്തയിലെയും പ്രധാനനേതാക്കള്‍ കൂടിയാലോചിച്ച് സമവായ ഫോർമുലയുണ്ടാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞമാസം കോഴിക്കോട്ട് ആദ്യ യോഗം ചേർന്ന നേതാക്കള്‍ ഇന്നലെ കൊണ്ടോട്ടിയില്‍ രണ്ടാം ഘട്ട ചർച്ച നടത്തി ധാരണയിലെത്തി. വൈകാതെ സമവായ ഫോർമുല പ്രഖ്യാപിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് - സമസ്ത് നേതാക്കള്‍.
അതേസമയം സിപിഎമ്മിന്റെ ഏകസിവില്‍കോഡ് സെമിനാറിന് പിന്നാലെ സി പി എം സഹകരണത്തെ ചൊല്ലി ലിഗ് സമസ്ത വേദികളില്‍ ചർച്ച കൊഴുക്കുകയാണ്. സി.പി.എമ്മുമായി മുന്നണി ബന്ധമുണ്ടായിരുന്ന മുസ് ലിം ലീഗ്, സമസ്ത സിപിഎമ്മുമായി സഹകരിക്കുന്നതിനെ വിമർശിക്കുന്നതിന്റെ യുക്തിയെന്തെന്ന് മുക്കത്ത് നടത്തിയ പ്രസംഗത്തില്‍ എസ്.വൈ.എസ് വർക്കിങ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് ചോദിച്ചു.
കല്പപറ്റയില്‍ നടന്ന പരിപാടിയിലാണ് ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി ഹമീദ് ഫൈസിക്ക് മറുപടി നല്കിയത്. ഹമീദ് ഫൈസിയടക്കമുള്ള ഏതാനും നേതാക്കള്‍ ലീഗ് വിരുദ്ധരാണെന്നും അബ്ദുറഹ്മന് കല്ലായി ആരോപിച്ചു. സി.പി.എം സഹകരണത്തെ അനുകൂലിക്കുന്ന സമസ്തയിലെ ഒരു വിഭാഗമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. വിഷയം കൂടുതല്‍ ചർച്ചയാക്കാതെ കരുതലോടെ മുന്നോട്ടു പോകാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.