കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ ജില്ലാ കലക്ടറുടെ ഉത്തരവ്
അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന സബ് കലക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
കോട്ടയം: വിദ്യാർത്ഥി സമരം ശക്തമായ സാഹചര്യത്തിൽ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന സബ് കലക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ ഹോസ്റ്റൽ വിടില്ലെന്നും സമരം തുടരുമെന്നും വിദ്യാർഥികൾ അറിയിച്ചു.
മൂന്നാഴ്ചയായി വിദ്യാർഥികൾ സമരം ചെയ്തിട്ടും യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. ഇതേ തുടർന്ന് നിരാഹാര സമരത്തിലേക്ക് വിദ്യാർഥികൾ കടക്കാൻ തയ്യാറെടുത്തതോടെയാണ് കോളേജ് അടച്ചിടണമെന്ന ഉത്തരവ് കോട്ടയം ജില്ല കലക്ടർ ഇറക്കിയത്. സബ് കലക്ടർ നല്‍കിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
2011ലെ കേരള പൊലീസ് ആക്ടിലെ വകുപ്പ് 81 പ്രകാരമാണ് കോളേജ് പൂട്ടാൻ ഉത്തരവിട്ടത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഉത്തരവിന്മേൽ നടപടി സ്വീകരിക്കണമെന്നാണ് അറിയിപ്പ്. സമരക്കാർ ക്യാമ്പസിൽ തുടരാൻ അനുവദിക്കില്ലെന്നാണ് വിവരം. എന്നാൽ സമരം തുടരുമെന്നും ഹോസറ്റൽ നിന്നും പോകില്ലെന്നും വിദ്യാർഥികൾ അറിയിച്ചു. ഇന്ന് 11 മണിക്ക് വിദ്യാർഥികൾ വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.