'ക്ഷേത്ര നടത്തിപ്പിന് സംഭാവന വേണം'; വിവാദ സർക്കുലറുമായി ജില്ലാ പൊലീസ് മേധാവി
പണം നൽകാൻ താൽപര്യമില്ലാത്തവരുടെ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കണമെന്നും സർക്കുലറിലുണ്ട്. ഇത് സംഭാവന നൽകാത്തവരെ ഒറ്റപ്പെടുത്തി സേനയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.
കോഴിക്കോട്: പൊലീസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിനായുള്ള പണപ്പിരിവിൽ സേനയിൽ അമർഷം. പിരിവ് നൽകാൻ തയ്യാറല്ലാത്തവർ അറിയിക്കണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ സർക്കുലറാണ് വിവാദത്തിലായത്. ശമ്പളത്തിൽ നിന്ന് മാസം 20 രൂപ ഈടാക്കുന്നതിൽ എതിർപ്പുള്ളവർ അറിയിക്കണമെന്നാണ് സർക്കുലർ.
കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിനുള്ള ധനസമാഹരണത്തിനായാണ് ജില്ലാ പൊലീസ് മേധാവി സർക്കുലർ ഇറക്കിയത്. മാസം 20 രൂപ വെച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാനാണ് തീരുമാനം. പിരിവ് നൽകാൻ താൽപര്യമില്ലാത്ത ജീവനക്കാരുടെ വിവരങ്ങൾ നാളേക്കുള്ളിൽ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ സർക്കുലറിൽ പറയുന്നു.
പണം പിരിക്കുന്ന രീതിയിൽ സേനക്കകത്ത് തന്നെ അതൃപ്തിയുണ്ട്. പണം നൽകാൻ താൽപര്യമുള്ളവരുടെ വിവരം ശേഖരിച്ചാൽ മതിയെന്നാണ് ഒരുവിഭാഗം പറയുന്നത്. സംഭാവന നൽകാത്തവരെ പ്രത്യേക വിഭാഗമാക്കി മാറ്റുന്നതിലൂടെ സേനയ്ക്കുള്ളിൽ ബോധപൂർവം വിഭാഗീയത സൃഷ്ടിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേത്രം മലബാർ മലബാർ ദേവസ്വം ബോർഡിന് കൈമാറി നടത്തിപ്പ് ചുമതലയിൽ നിന്ന് പൊലീസ് പിന്മാറണമെന്ന അഭിപ്രായവും ശക്തമാണ്. നേരത്തെ വർഷങ്ങളായി പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് പണപ്പിരിവ് നടത്തിയിരുന്നെങ്കിലും വിവാദമായതിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. ഇതിനിടെയാണ് പണപ്പിരിവിനായി വീണ്ടും സർക്കുലർ ഇറക്കിയിരിക്കുന്നത്.