അൻവറിനെ സംരക്ഷിക്കുമെന്ന് പ്രസിഡന്റ്, ചുമക്കേണ്ട ബാധ്യതയില്ലെന്ന് വൈസ് പ്രസിഡന്റ്; മലപ്പുറം യൂത്ത് കോൺഗ്രസിൽ ഭിന്നത

‘ആ വിഴുപ്പ് ഭാണ്ഡം പേറാൻ ആര് ശ്രമിച്ചാലും അവരും നാറും’

Update: 2024-09-27 15:38 GMT
Advertising

മലപ്പുറം: പി.വി അൻവർ എംഎൽഎയെ സംരക്ഷിക്കുമെന്ന യൂത്ത് കോൺ​ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനക്ക് മറുപടിയുമായി വൈസ് പ്രസിഡന്റ്. അൻവറിനെ ഉന്മൂലനം ചെയ്യാമെന്ന് കരുതി മലപ്പുറത്തേക്ക് ആരും ക്വട്ടേഷൻ അയക്കേണ്ട എന്നായിരുന്നു പ്രസിഡന്റ് ഹാരിസ് മുതൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ, അൻവറിനെ ചുമക്കേണ്ട ബാധ്യത മലപ്പുറത്തെ യൂത്ത് കോൺഗ്രസിനില്ലെന്ന് വൈസ് പ്രസിഡന്റ് പി. നിധീഷ് ഫേസ്ബുക്ക് പോസ്റ്റിൽ മറുപടി നൽകി.

ഹാരിസ് മുതൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അൻവർ നോവിച്ചപ്പോൾ സിപിഎം ഒന്നാകെ പ്രതിരോധത്തിലായി, പി. ശശിക്കെതിരെയും എഡിജിപി എം.ആർ അജിത് കുമാറിനെതിരെയും താൻ എത്ര തെളിവു കൊടുത്താലും കൈവിടില്ലെന്ന ബോധ്യം വന്നപ്പോഴാണ് പി.വി അൻവർ പിണറായി വിജയനെതിരെ പരസ്യമായി പ്രതികരിക്കാൻ തുടങ്ങിയത്.

പിണറായിക്കെതിരെ ശബ്ദമുയർത്തുന്നവർക്ക് ടി.പി ചന്ദ്രശേഖരന്റെ ഗതിയായിരിക്കുമെന്ന ആദ്യ സൂചനയാണ് ഒതായി ബ്രാഞ്ച് കമ്മിറ്റി അൻവറിന്റെ വീടിനു മുന്നിൽ ഉയർത്തിയിരിക്കുന്ന ബോർഡ്. മാഷാ അള്ളാ സ്റ്റിക്കറും ഇന്നോവയും കൊണ്ട് ഓർക്കാട്ടേരിയിൽ വച്ച് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സിപിഎമ്മിന് അൻവറിനെയും ഒരു രാത്രി കൊണ്ട് കഠാരയാൽ ഇല്ലാതാക്കുമെന്ന തിരിച്ചറിവിനാലാണ് അൻവർ ആവർത്തിച്ച് താൻ കൊല്ലപ്പെട്ടേക്കാമെന്നു പറയുന്നത്.

അൻവർ തന്റെ നാവുകൊണ്ട് രാഹുൽ ഗാന്ധിയെയും കോൺഗ്രസിന്റെ നേതാക്കളെയും യുഡിഎഫ് നേതാക്കളെയും ആയിരം തവണ അപമാനിച്ചിട്ടുണ്ട്, അതിനോട് യൂത്ത് കോൺഗ്രസും കോൺഗ്രസും പ്രതികരിച്ചതും പ്രതിഷേധിച്ചതും ജനാധിപത്യ മാർഗ്ഗത്തിലൂടെയാണ്, അൻവർ സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ വർഷങ്ങൾക്കു മുമ്പേ കോൺഗ്രസും യുഡിഎഫും ഉയർത്തിയതാണ്, എന്നാൽ കോൺഗ്രസിനെ ചീത്ത പറയാൻ പിണറായി പാലൂട്ടിയ അൻവർ ഒടുവിൽ തനിക്കെതിരെ ആകുമ്പോൾ ഭീകരവാദിയും രാജ്യദ്രോഹിയും ആക്കാൻ വെമ്പൽ കൊള്ളുകയാണ് സിപിഎം.

സിപിഎമ്മിന്റെ കഴിഞ്ഞകാല ചെയ്തികൾ പരിശോധിച്ചാൽ ആദ്യം തങ്ങളുടെ ശത്രുവിനെ ഒറ്റുകാരനായും, ഭീകരവാദിയായും ചാപ്പകുത്തും, എന്നിട്ട് മടവാളുകൊണ്ട് വെട്ടി വീഴ്ത്തുന്ന പാരമ്പര്യമാണ്, അത് കണ്ണൂരിലും വടകരയിലും നടന്നേക്കാം. എന്നാൽ മലപ്പുറത്തിന്റെ യുഡിഎഫ് മണ്ണിൽ നടക്കാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ല, തന്റെ പിതാവിനെ ടൈമർ ബോംബ് വെച്ച് കൊന്ന കൊലയാളിക്ക് മാപ്പുകൊടുത്ത രാഹുൽഗാന്ധിയുടെ യൂത്ത് കോൺഗ്രസ് ആണ് പറയുന്നത്, അൻവറിന് സംരക്ഷണ കവചം ഒരുക്കാൻ മലപ്പുറത്തെ യൂത്ത് കോൺഗ്രസ് സജ്ജമാണ്, നിങ്ങളുടെ ഇന്നോവയും കൊടി സുനിമാരെയും മലപ്പുറത്തേക്ക് അയക്കേണ്ടതില്ല,അദ്ദേഹം നാളെ ഞങ്ങളെ തള്ളിപ്പറഞ്ഞാലും ജനാധിപത്യ, അഭിപ്രായസ്വാതന്ത്ര്യത്തിന് യൂത്ത് കോൺഗ്രസ് മരണം വരെ പോരാടും....

പി. നിധീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അൻവറിനെ ചുമക്കേണ്ട ബാധ്യത മലപ്പുറത്തെ യൂത്ത് കോൺഗ്രസ്സിനില്ല... ആ വിഴുപ്പ് ഭാണ്ഡം പേറാൻ ആര് ശ്രമിച്ചാലും അവരും നാറും എന്നതിനപ്പുറം ഒന്നും സംഭവിക്കാനില്ല... കോൺഗ്രസ്സിൻ്റെ ആശായാദർശങ്ങളെ തള്ളിപ്പറയുക മാത്രമല്ല രാഹുൽ ഗാന്ധി മുതൽ ഇങ്ങോട്ട്,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വരെയുള്ളവരെ വ്യക്തിപരമായി ആക്ഷേപിക്കുകയും, വൃത്തികേട് വിളിച്ചു പറയുകയും ചെയ്ത ആളാണ് അൻവർ...

നാഴികക്ക് നാല്പതു വട്ടം കോൺഗ്രസ്സിനെയും അതിൻ്റെ നേതാക്കളെയും തെറി വിളിക്കുന്ന അൻവറിന് സംരക്ഷണകവചം തീർക്കേണ്ട ഒരുബാധ്യതയും ഇല്ല...

അധികാരം തേടി പിണറായിക്ക് സ്തുതി പാടാൻ പോയവരോടും ആ അധികാരത്തിൻ്റെ ബലത്തിൽ നമ്മുടെ രക്തസാക്ഷികളെ വരെ ആക്ഷേപിച്ചവരോട് 'നോ കോംമ്പ്രമൈസ് ' എന്ന് തന്നെയായിരിക്കണം യൂത്ത് കോൺഗ്രസ്സിൻ്റെയും നിലപാട്. പിണറായി വിജയനും അൻവറും തമ്മിലുള്ളത് ചക്കളത്തിപ്പോരാണ്... കട്ടമുതൽ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇപ്പോഴത്തെ തർക്കം...

പിണറായി വിജയനും അയാളുടെ സർക്കാറും RSS ൻ്റെ കയ്യിലെ കളിപ്പാവയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് എന്നോ വ്യക്തമായ കാര്യമാണ്... RSS ൻ്റെ സംരക്ഷണയിൽ നിന്നു തന്നെയാണ് പിണറായി വിജയനും അൻവറും ഇത്രയും കാലം ഒരുമിച്ച് പ്രവർത്തിച്ചത്... ഒന്നാം പിണറായി സർക്കാറും രണ്ടാം പിണറായി സർക്കാറും ഇടതുപക്ഷ സർക്കാറല്ല RSS ൻ്റെ സർക്കാറാണെന്ന് അവർ തെളിയിച്ചതാണ്. അതിന് അനവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്.

എത്രയോ തവണ UDF അതൊക്കെ പൊതുജനസമക്ഷം പറഞ്ഞു കഴിഞ്ഞതാണ്... പിണറായി വിജയനെതിരെയോ, സംഘപരിവാറിനെതിരെയോ ഉള്ള പോരാട്ടത്തിന് ഒരു രാഷ്ട്രീയ ഭിക്ഷാംദേഹികളുടെയും പിന്തുണ കോൺഗ്രസ്സിനോ UDF നോ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല...

അഴിമതിയും, സ്വജനപക്ഷപാതവും സംഘപരിവാർ പ്രീണനവും കൊണ്ട് നാറി നാണം കെട്ട് നിൽക്കുന്ന പിണറായി വിജയൻ്റെ നാറ്റം സ്വന്തം കൂടാരത്തിലുള്ളവർക്കും അസഹ്യമായിരിക്കുന്നു എന്നതിനപ്പുറത്തേക്ക് അൻവറിനെ വെള്ള പൂശേണ്ട ഒരു ബാധ്യതയും യൂത്ത് കോൺഗ്രസ്സിനില്ല... പണ്ട് അൻവറിനെ പിന്തുണച്ചു ഹാങ്ങോവർ മാറാത്തവരാരെങ്കിലും ഇപ്പോഴുമുണ്ടെങ്കിൽ ആ പാത പിന്തുടരുന്നത് യൂത്ത് കോൺഗ്രസ്സിൻ്റ ചെലവിൽ വേണ്ട... അൻവറിന് അൻവറിൻ്റെ വഴി, യൂത്ത് കോൺഗ്രസ്സിന് യൂത്ത് കോൺഗ്രസ്സിൻ്റെ വഴി.....

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News