"ആരാധനാലയങ്ങളിൽ സർവേ നടത്തരുത്"; സംഭൽ വിഷയത്തിൽ സുപ്രിംകോടതി സ്‌റ്റേ നൽകണമെന്ന് കോൺഗ്രസ്
ആരാധനാലയ സംരക്ഷണ നിയമം പാലിക്കാൻ കോടതി നിർദേശം നൽകണമെന്നും കോൺഗ്രസ്
ഡൽഹി: സംഭൽ മസ്ജിദിലടക്കമുള്ള സർവേകൾക്ക് സുപ്രിംകോടതി നേരിട്ട് സ്റ്റേ നൽകണമെന്ന് കോൺഗ്രസ്. ആരാധനാലയ സംരക്ഷണ നിയമം പാലിക്കാൻ കോടതി നിർദേശം നൽകണം. ആരാധനാലയങ്ങളിൽ സർവേ നടത്താൻ കോടതികൾ ഉത്തരവിട്ടാലും നടത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും ഹരജിയിലുണ്ട്. കോൺഗ്രസ് വക്താവ് അലോക് ശർമ്മ നൽകിയ ഹരജിയിൽ ആവശ്യം.
വെള്ളിയാഴ്ച സംഭൽ ജമാമസ്ജിദ് സർവേയുമായി ബന്ധപ്പെട്ട കേസിൽ സമാധാനവും ഐക്യവും നിലനിർത്താൻ സുപ്രിംകോടതി നിർദ്ദേശിച്ചിരുന്നു. സാമുദായിക മതസൗഹാർദത്തിനായുള്ള മധ്യസ്ഥ നിയമത്തിലെ സെക്ഷൻ 43 പ്രകാരം ഉത്തർ പ്രദേശ് സർക്കാർ സമാധാന സമിതി രൂപീകരിക്കണമെന്നും കോടതി വാക്കൽ നിർദേശിച്ചു.മസ്ജിദിൽ സർവേ നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സംഭൽ ഷാഹി ജമാമസ്ജിദ് കമ്മിറ്റി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പുരാവസ്തു സർവേ തടഞ്ഞ കോടതി സർവേ റിപ്പോർട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കാനും നിർദേശിച്ചു.
മുഗൾ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭലിലെ ശാഹി ജമാമസ്ജിദ്. മുമ്പ് ഇവിടെയുണ്ടായിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭൽ ജില്ലാ-സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ ഹരിശങ്കർ ജെയിൻ ഉൾപ്പെടെ എട്ടുപേരാണ് പരാതിക്കാർ. ഇവർ നൽകിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബർ 19ന് സംഭൽ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേക്ക് അനുമതി നൽകിയത്. അഡ്വക്കേറ്റ് കമ്മീഷണറുടെ നേതൃത്വത്തിൽ സർവേ നടത്താനായിരുന്നു നിർദേശം. തുടർന്ന് അധികൃതർ സർവേ നടത്താനെത്തിയപ്പോൾ വലിയ പ്രതിഷേധം ഉയരുകയും പൊലീസ് ഇവർക്കുനേരെ വെടിവെക്കുകയും ചെയ്തു. സംഭവത്തിൽ ആറുപേരാണ് മരിച്ചത്.