ഉമാ തോമസിന് ബോധം തെളിഞ്ഞു; ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ
ഉമാ തോമസ് നിർദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ വേദിയിൽനിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. എംഎൽഎക്ക് ബോധം തെളിഞ്ഞെന്നും ചോദ്യങ്ങളോട് പ്രതികരിച്ചെന്നും ഡോക്ടർ പറഞ്ഞു. ചിരിക്കാൻ പറഞ്ഞപ്പോൾ ചിരിച്ചു. കൈകാലുകൾ അനക്കി. തലച്ചോറിലെ ക്ഷതം മൂലമുണ്ടായ പ്രശ്‌നങ്ങൾ കുറയുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു.
ശ്വാസകോശത്തിലെ പരിക്കിലാണ് ആശങ്കയുള്ളത്. ഇന്ന് എക്‌സറേയിൽ നേരിയ പുരോഗതി കാണിക്കുന്നുണ്ട്. ശ്വാസകോശത്തിൽ കാര്യമായ പരിക്കുള്ളതിനാൽ അണുബാധയില്ലാതിരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. എംഎൽഎ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. വെന്റിലേറ്ററിൽനിന്ന് മാറ്റി 24 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് പറയാൻ കഴിയൂ എന്നും ഡോക്ടർ പറഞ്ഞു.