'കേരളത്തെ സിറിയയാക്കരുത്, ഇവിടെ മുസ്‍ലിം സമൂഹത്തിന് സുരക്ഷയുണ്ട്'; കെ.എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുല്‍ മജീദ് സ്വലാഹി

കേരളത്തിലെ മുസ്‍ലിം ചെറുപ്പക്കാരെ തകര്‍ക്കുന്നതിന് വേണ്ടി മുസ്‍ലിം ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മിലിറ്റന്‍റ് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ വഴി ആസൂത്രിത ശ്രമം നടത്തുന്നതായി അബ്ദുല്‍ മജീദ് സ്വലാഹി

Update: 2023-01-01 13:35 GMT
Editor : ijas | By : Web Desk
Advertising

കോഴിക്കോട്: കേരളത്തിലെ മുസ്‍ലിം ചെറുപ്പക്കാരെ തകര്‍ക്കുന്നതിന് വേണ്ടി മുസ്‍ലിം ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മിലിറ്റന്‍റ് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ വഴി ആസൂത്രിത ശ്രമം നടത്തുന്നതായി കെ.എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുല്‍ മജീദ് സ്വലാഹി. കേരളത്തെ സിറിയയോ യമനോ ലിബിയയോ ആക്കരുത്. അതിദാരിദ്രത്തിന്‍റെ അസമാധാനത്തിന്‍റെ പടുകുഴിയിലാണ് അവരൊക്കെ. സമാധാനത്തിന്‍റെയും ശാന്തിയുടെയും വികസനത്തിന്‍റെയും ഉച്ചിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ മുസ്‍ലിം സമൂഹത്തിന് സുരക്ഷയുണ്ടെന്നും അബ്ദുല്‍ മജീദ് സ്വലാഹി പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുജാഹിദ് സമ്മേളനത്തിന് മുസ്‍ലിം ന്യൂനപക്ഷത്തെ പിന്തുണക്കുന്ന മിലിറ്റന്‍റ് ഗ്രൂപ്പുകളില്‍ നിന്നും ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നതായും അബ്ദുല്‍ മജീദ് സ്വലാഹി പറഞ്ഞു. ആര്‍.എസ്.എസിനെ പോലുള്ള സംഘടനകളില്‍ നിന്നും ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ജനാധിപത്യ പ്രക്രിയയില്‍ പോയികൊണ്ടിരിക്കുന്ന പ്രസ്ഥാനത്തെ തളര്‍ത്താനും തകര്‍ക്കാനും വലിയ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നു. വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും കെ.എം സീതി സാഹിബിന്‍റെയും മുഹമ്മദ് അബ്ദുറഹ്‍മാന്‍ സാഹിബിന്‍റെയും മണപ്പാട്ട് കുഞ്ഞഹമ്മജ് ഹാജിയുടെയും കെ.എം മൗലവിയുടെയും പിന്തുടര്‍ച്ചാവകാശം അവകാശപ്പെട്ടു കൊണ്ട് നവോത്ഥാന രീതിയില്‍ സഞ്ചരിക്കുന്ന ഒരു സംഘമാണ് മുജാഹിദ് പ്രസ്ഥാനം. സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളില്‍ മുജാഹിദ് പ്രസ്ഥാനത്തിന് ശക്തമായ മൂലധനമുണ്ട്. ഈ പ്രസ്ഥാനത്തിന് കൃത്യമായ അജണ്ടയും നയനിലപാടുകളുമുണ്ട്. സമ്മേളനത്തിന് ആരെ ക്ഷണിക്കണം പ്രസംഗിപ്പിക്കണമെന്ന് തീരുമാനിക്കാനെങ്കിലും മുജാഹിദ് പ്രസ്ഥാനത്തിന് പൊതു സമൂഹം അനുമതി നല്‍കണമെന്നും ഡോ. അബ്ദുല്‍ മജീദ് സ്വലാഹി അഭ്യര്‍ത്ഥിച്ചു.

'സമ്മേളനം ആശയ സംവാദത്തിന്‍റെ വേദിയാണ്. പല ആശയങ്ങളും ഇവിടെ മാറ്റുരക്കും. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി പോരാടി കൊണ്ടിരിക്കുന്ന സര്‍വ ആളുകളും ഇവിടെ കടന്നുവന്നിട്ടുണ്ട്. മതനിരാസ പ്രസ്ഥാനത്തിന്‍റെ ആളുകളും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ആളുകളും വന്നിട്ടുണ്ട്. എല്ലാവരും ഇവിടെ വന്ന് അവരുടെ ആശയങ്ങള്‍ പറയുന്നു. നമുക്ക് 'മതം നിര്‍ഭയത്വമെന്ന, മതേതരത്വം അഭിമാനമാണെന്ന' നമ്മുടെ ആശയമുണ്ട്. ഈ ആശയമാണ് സമൂഹത്തില്‍ നമുക്ക് പറയാനുള്ളത്. കേരളത്തിലെ മുസ്‍ലിം ചെറുപ്പക്കാരെ തകര്‍ക്കുന്നതിന് വേണ്ടി ഇവിടുത്തെ മുസ്‍ലിം ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മിലിറ്റന്‍റ് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ തട്ടിയെടുക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. കേരളത്തെ സിറിയയും യമനും ലിബിയയും ആക്കരുത്. അതിദാരിദ്രത്തിന്‍റെ അസമാധാനത്തിന്‍റെ പടുകുഴിയിലാണ് അവരൊക്കെ. കേരളമെന്നത് സമാധാനത്തിന്‍റെയും ശാന്തിയുടെയും വികസനത്തിന്‍റെയും ഉച്ചിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ഇവിടെ മുസ്‍ലിം സമൂഹത്തിന് സുരക്ഷയുണ്ട്. ഇന്ത്യാരാജ്യത്ത് അഭിമാനത്തോടെ ജീവിക്കാന്‍ നമുക്ക് സാധിക്കും എന്നുള്ള ആത്മവിശ്വാസമാണ് ചെറുപ്പത്തിന് നല്‍കേണ്ടത്. ചെറുപ്പത്തെ നിരാശരാക്കുന്ന മതരാഷ്ട്രവാദികളെ ശക്തമായി എതിര്‍ക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിലേക്ക് പുറപ്പെട്ടതും പുറത്തേക്ക് പോവുന്നതും. അതോടൊപ്പം ഫാഷിസ്റ്റ് ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ശക്തമായ വൈജ്ഞാനിക പ്രതിരോധം തീര്‍ക്കാന്‍ തെരുവുകളിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഇവിടെ ശാന്തിയും സമാധാനവുമാണ് ആഗ്രഹിക്കുന്നത്'- ഡോ. അബ്ദുല്‍ മജീദ് സ്വലാഹി പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News