ഡോ. എം ഗംഗാധരന്‍റെ ഗ്രന്ഥശേഖരം കാലിക്കറ്റ് സര്‍വകലാശാലക്ക്
സ്വാതന്ത്ര്യ സമര സേനാനികളുടെ ഖിലാഫത്ത് മൊഴികളടക്കം നാനൂറോളം പുസ്തകങ്ങളാണ് സര്‍വകലാശാല ഏറ്റുവാങ്ങിയത്
അടുത്തിടെ അന്തരിച്ച ചരിത്രകാരനും സാഹിത്യ വിമര്‍ശകനുമായിരുന്ന ഡോ. എം. ഗംഗാധരന്‍റെ ശേഖരത്തിലുണ്ടായിരുന്ന ഗ്രന്ഥങ്ങളും ചരിത്ര പ്രമാണങ്ങളും കാലിക്കറ്റ് സര്‍വകലാശാല ഏറ്റെടുത്തു. സര്‍വകലാശാലയുടെ അഭ്യര്‍ത്ഥന മാനിച്ച് എം. ഗംഗാധരന്‍റെ കുടുംബം ഗ്രന്ഥശേഖരം സംഭാവന നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി അഞ്ചപ്പുരയിലെ വീട്ടിലെത്തിയാണ് ഡോ. എം. ഗംഗാധരന്‍റെ പത്നി യമുനാ ദേവിയില്‍ നിന്ന് പുസ്തക ശേഖരം ഏറ്റുവാങ്ങിയത്. സര്‍വകലാശാല ചരിത്ര വിഭാഗത്തിലാണ് പുസ്തകങ്ങളും രേഖകളും സൂക്ഷിക്കുക. അമൂല്യ രേഖകള്‍ ഡിജിറ്റല്‍ ആര്‍ക്കൈവ്സ് വഴി ലഭ്യമാക്കും.
മലബാര്‍ കലാപത്തെ സംബന്ധിച്ച ഗവേഷണ കാലത്ത് എം. ഗംഗാധരന്‍ ഉപയോഗിച്ച രേഖകളും പുസ്തകങ്ങളുമാണ് ഏറെയുള്ളത്. 1978 ഫെബ്രുവരി 14-ന് എം. ഗംഗാധരന്‍ മൊയ്തു മൗലവിയുമായി നടത്തിയ അഭിമുഖത്തിന്‍റെ കൈയെഴുത്തു രേഖയും കൂട്ടത്തിലുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളുടെ ഖിലാഫത്ത് മൊഴികളടക്കം നാനൂറോളം പുസ്തകങ്ങളാണ് സര്‍വകലാശാല ഏറ്റുവാങ്ങിയത്. പരപ്പനങ്ങാടി അഞ്ചപ്പുരയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാലാ ചരിത്ര പഠവിഭാഗം മേധാവി ഡോ. വി.വി ഹരിദാസ്, മുന്‍ മേധാവി ഡോ. കെ. ഗോപാലന്‍ കുട്ടി, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം. ഗംഗാധരന്‍റെ മക്കളായ പി. നാരായണന്‍, പി. നളിനി എന്നിവരുടെ സാന്നിധ്യത്തിലാണ് വൈസ് ചാന്‍സലര്‍ പുസ്തകശേഖരം ഏറ്റുവാങ്ങിയത്.
Dr. M Gangadharan's book collection to Calicut University; Valuable documents will be made available in digital archives