ലഹരി ഉപയോഗം; സൈജുവിനെതിരെ ഒമ്പത് കേസുകളെടുക്കും
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി പൊലിസിന് വിവരം ലഭിച്ചത്
കൊച്ചിയിൽ മോഡലുകൾ കാറപകടത്തിൽ മരിച്ച കേസലെ രണ്ടാം പ്രതി സൈജു തങ്കച്ചനെതിരെ ലഹരി ഉപയോഗിച്ചതിന് ഒമ്പത് കേസുകളെടുക്കും. വിവിധ പൊലിസ് സ്റ്റേഷനുകളിലായണ് കേസുകൾ രജിസ്റ്റർ ചെയ്യുക. തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാണ് കേസ്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി പൊലിസിന് വിവരം ലഭിച്ചത്.
മയക്കുമരുന്ന് വിൽപനക്കാരുമായി സൈജുവിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചാറ്റുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. മൂന്നാറിലും കൊച്ചിയിലും മാരാരിക്കുളത്തുമുളള പാർട്ടികളിൽ എം.ഡി.എം.എ നൽകിയെന്ന സൈജുവിന്റെ വാട്‌സാപ്പ് സന്ദേശങ്ങളുൾപ്പടെ പൊലിസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കാട്ടുപോത്തിനെ വേട്ടയാടിയതിനുമുളള തെളിവുകൾ സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ ഡി.ജെ പാർട്ടികളിൽ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലിസ് കണ്ടെത്തി. നമ്പർ 18 ഹോട്ടലിലെത്തിയ മോഡലുകളോട് അവിടെ താമസിക്കാൻ സൈജു ആവശ്യപ്പെട്ടു. പിന്നീട് അവരെ ദുരുദ്ദേശത്തോടെ പിന്തുടർന്നതാണ് കാർ അമിത വേഗത്തിൽ പോകാനും അപകടമുണ്ടാകാനും കാരണമെന്നും പൊലിസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകൾ കണ്ടെത്തിയാൽ കേസിന് കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.