'സിപിഎം നേതാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നു'; സംസ്ഥാന കമ്മിറ്റിയിൽ വിമർശനം
സിപിഎം സംസ്ഥാന കമ്മിറ്റിയിൽ തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനും വിമർശനം
തിരുവനന്തപുരം: സിപിഎം നേതാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന് സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത പാർട്ടി ഏരിയ കമ്മിറ്റി അംഗം മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. തിരുവനന്തപുരത്തെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചുവെന്നും സിപിഎം വിലയിരുത്തി.
അതേസമയം സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ തിരുവനന്തപുരം ജില്ലാ നേതൃത്വം രൂക്ഷ വിമർശനമാണ് നേരിട്ടത്. നേതൃത്വത്തിന് നിയന്ത്രണം നഷ്ടമായെന്നും പ്രവർത്തകരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ മദ്യപിക്കാൻ പോയ പ്രവർത്തകരെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പാർട്ടിയിലെ ഇത്തരം ആഭ്യന്തര പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം.