ന്യൂനപക്ഷ വകുപ്പിന്റെ കെടുകാര്യസ്ഥതയിൽ കോടിക്കണക്കിന് രൂപ ന്യൂനപക്ഷ വിഭാഗത്തിന് നഷ്ടമായെന്ന് സോളിഡാരിറ്റി
കഴിഞ്ഞ ബജറ്റിൽ 76.1 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും ചെലവഴിച്ചത് 10.79 കോടി രൂപ മാത്രാണെന്നാണ് മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്
കോഴിക്കോട്: ന്യൂനപക്ഷ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം കോടിക്കണക്കിന് രൂപയാണ് ന്യൂനപക്ഷ വിഭാഗത്തിന് നഷ്ടമാകുന്നതെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി.
2023-24 ബജറ്റിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിനായി വകയിരുത്തിയത് 76.1 കോടി രൂപയാണ്. ഇതിൽ 10.79 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചതെന്ന് നിയമസഭയിൽ മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞത്. സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം അവശേഷിക്കെ വിവിധ പദ്ധതികൾക്കായി ബജറ്റ് വിഹിതത്തിൽ വകയിരുത്തിയ തുകയുടെ 85 ശതമാനത്തിലധികം നഷ്ടപ്പെടുത്തുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സുഹൈബ് പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിൽ പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മന്ത്രി വി. അബ്ദുറഹ്മാൻ നൽകിയ മറുപടിയിലാണ് ന്യൂനപക്ഷ വകുപ്പിന്റെ കെടുകാര്യസ്ഥത പുറത്തുവന്നത്. പ്രഖ്യാപിച്ച തുകയുടെ 14.2 ശതമാനം മാത്രമാണ് ചെലവഴിച്ചത്.
പല പദ്ധതികൾക്കുമായി വകയിരുത്തിയതിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ഐ.ടി.സി ഫീ റീ ഇംബേഴ്സ്മെന്റ് സ്കീം , ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതി , മൈനോറിറ്റി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് , പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം, ഓഫിസ് ആധുനികീകരണം എന്നിവക്കായി നീക്കിവെച്ച തുകയിൽനിന്നാണ് ഒരു രൂപ പോലും ചെലവഴിക്കാത്തത്. ഇതിൽ ഐ.ടി.സി ഫീ റീ ഇംബേഴ്സ്മെന്റ് സ്കീമിനായി ഏതാനും ദിവസം മുമ്പാണ് അപേക്ഷ ക്ഷണിച്ചത്.