മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്ഐ പുറത്താക്കി
ബിജെപിയിൽ ചേരാൻ തീരുമാനിച്ചതോടെയാണ് മിഥുനെ ഡിവൈഎഫ്ഐ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്ഐ പുറത്താക്കി. മധുവും മകൻ മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് മിഥുനെ ഡിവൈഎഫ്‌ഐ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്. മധുവിനെ ഇന്ന് രാവിലെ സിപിഎമ്മിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാളെ ഇരുവർക്കും പാർട്ടി അംഗത്വം നൽകും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ് തുടങ്ങിയവർ ഇന്ന് മധുവിനെ സന്ദർശിച്ചിരുന്നു. മൂന്നാം തവണയും ഏരിയാ സെക്രട്ടറി സ്ഥാനം കിട്ടാതെ വന്നതോടെയാണ് മധു ഏരിയാ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
ഏരിയാ സെക്രട്ടറിയായിരിക്കെ തന്നെ മധു ബിജെപിയുമായി അടുത്തിരുന്നതായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾ കണ്ടാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് മധു മുല്ലശ്ശേരി പറഞ്ഞു.