'പട്ടാളവും, പൊലീസും സുരക്ഷയൊരുക്കിയാലും പിന്നെ യൂത്ത് കോണ്‍ഗ്രസുകാര്‍ വീട്ടില്‍ കിടന്നുറങ്ങില്ല'; ഭീഷണി പ്രസംഗവുമായി ഡി.വൈ.എഫ്.ഐ

'ഒരു ഘട്ടം കഴിയമ്പോള്‍ പൊലീസിനോട് മാറി നിൽക്കാൻ പറഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ സംരക്ഷണം ഏറ്റെടുക്കും. പിന്നെ യൂത്ത് കോൺഗ്രസുകാർക്ക് കുടുംബത്തോടെപ്പം ഭക്ഷണം കഴിച്ച് വീട്ടിലിരിക്കാമെന്ന് കരുതേണ്ട...'

Update: 2022-06-15 16:10 GMT
Advertising

മുഖ്യമന്ത്രി പിണറായി വിജയനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്കെതിരെ ഭീഷണി പ്രസംഗവുമായി പാലക്കാട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ യൂത്ത് കോൺഗ്രസുകാർ കുടുംബത്തോടൊപ്പം സമാധാനത്തോടെ ഭക്ഷണം കഴിച്ച് വീട്ടിലിരിക്കാമെന്ന് കരുതേണ്ടെന്നും വീടുകളിലേക്ക് ഡി.വൈ.എഫ്.ഐ കയറുമെന്നും ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീൻ പറഞ്ഞു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് നടത്തിയ ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനത്തിനിടെയാണ് സി.പി.എം ജില്ലാ കമ്മറ്റി അംഗവും, ഡി.വൈ.എഫ്. ഐ ജില്ലാ സെക്രട്ടറിയുമായി കെ.സി റിയാസുദ്ദീന്‍റെ ഭീഷണി പ്രസംഗം

''കേരളത്തിലെ ഡി.വൈ.എഫ്.ഐയുടെ ഒന്നരക്കോടി പ്രവർത്തകർ മുഖ്യമന്ത്രിയുടെ സുരക്ഷയങ്ങ് ഏറ്റെടുത്താൽ പുന്നാര മക്കളേ, യൂത്ത് കോൺഗ്രസേ, യൂത്ത് ലീഗേ നിങ്ങളൊന്ന് കരുതിയിരിക്കണം. ഞങ്ങളത് നടപ്പിലാക്കും. പിന്നെ ആ സുരക്ഷ എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ കരുതണം. രാജ്യത്തെ ഒന്നേകാൽ ലക്ഷം വരുന്ന പൊലീസും രാജ്യത്തെ കോടിക്കണക്കിനു പട്ടാളവും നിങ്ങൾക്ക് സുരക്ഷയൊരുക്കിയാലും ഒരു വീട്ടിലും കിടന്നുറങ്ങാൻ കേരളത്തിന്റെ മണ്ണിൽ ഞങ്ങൾ അനുവദിക്കില്ല.'' വിവാദ പ്രസംഗത്തിൽ റിയാസുദ്ദീന്റെ മുന്നറിയിപ്പ്.


Full View

'ഒരു ഘട്ടം കഴിയമ്പോള്‍ പൊലീസിനോട് മാറി നിൽക്കാൻ പറഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ സംരക്ഷണം ഏറ്റെടുക്കും. പിന്നെ യൂത്ത് കോൺഗ്രസുകാർക്ക് കുടുംബത്തോടെപ്പം ഭക്ഷണം കഴിച്ച് വീട്ടിലിരിക്കാമെന്ന് കരുതേണ്ട. വീടുകളിലേക്ക് ഡി.വൈ.എഫ്.ഐക്കാർ കയറിവരും. പൊലീസും പട്ടാളവും കോണ്‍ഗ്രസിന് സുരക്ഷയൊരുക്കിയാലും ഒരു വീട്ടിലും കിടന്നുറങ്ങാന്‍ ഡി.വൈ.എഫ്.ഐ അനുവദിക്കില്ല...'. കെ.സി റിയാസുദ്ദീന്‍ പ്രസംഗത്തിനിടെ പറഞ്ഞു

മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടുകയാണ് സി.പി.എമ്മും ഇടത് യുവജന സംഘടനകളും. ഇന്ന് പെരുമ്പാവൂരില്‍ നടന്ന മറ്റൊരു പ്രതിഷേധ റാലിയില്‍ കൊലവിളിയുമായി ആയിരുന്നു സി.പി.എമ്മിന്‍റെ പ്രതിഷേധ പ്രകടനം. .''അക്രമമാണ് ലക്ഷ്യമെങ്കിൽ, കലാപമാണ് ലക്ഷ്യമെങ്കിൽ... ആരായാലും വേണ്ടില്ലാ... കയ്യും വെട്ടും കാലും വെട്ടും... വേണ്ടിവന്നാൽ തലയും വെട്ടും'' എന്നു തുടങ്ങുന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ഉയർന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള കോൺഗ്രസ് ഗുണ്ടകളുടെ നീക്കത്തിനെതിരായ പ്രതിഷേധം എന്ന പേരിലായിരുന്നു പ്രകടനം. സി.പി.എം പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യഹരജി തിരുവനന്തപുരം ജില്ലാ കോടതി തള്ളി. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരുടെ ഹരജിയാണ് തള്ളിയത്. ഈ മാസം 26 വരെ ഇവരുടെ ജുഡിഷ്യൽ കസ്റ്റഡി തുടരും. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിലുള്ള അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.ഒന്നാം പ്രതി ഫർസീൻ മജീദ് ഗുണ്ടാ ലിസ്റ്റിൽപെട്ടയാളാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രതിക്കെതിരെ 13 കേസുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ, വിമാനത്തിൽ അക്രമം കാട്ടിയത് ഇ.പി ജയരാജനാണെന്നും അദ്ദേഹത്തെ കേസിൽനിന്ന് ഒഴിവാക്കിയത് നിഗൂഢമാണെന്നും പ്രതിഭാഗം വാദിച്ചു. ഇക്കാര്യം കേസിൽ ഒരിടത്തും പരാമർശിച്ചില്ലെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News