ഗര്‍ഭിണിയെ മര്‍ദിച്ച കേസ്: പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ആലുവ ഡി.വൈ.എസ്.പി

പ്രതിയെ കൃത്യസമയത്ത് പിടികൂടുന്നതില്‍ പൊലീസ് അനാസ്ഥ കാണിച്ചെന്ന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ആരോപിച്ചിരുന്നു.

Update: 2021-07-02 09:25 GMT
Advertising

ഗര്‍ഭിണിയായ യുവതിയേയും പിതാവിനെയും മര്‍ദിച്ച കേസില്‍ പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ആലുവ ഡി.വൈ.എസ്.പി ടി.ജെ സിനോജ്. അറസ്റ്റിന് എസ്.പി അനുമതി നല്‍കിയെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. യുവതി മര്‍ദനത്തിനിരയായി എന്ന് വ്യക്തമായിട്ടുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ കൃത്യസമയത്ത് പിടികൂടുന്നതില്‍ പൊലീസ് അനാസ്ഥ കാണിച്ചെന്ന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ആരോപിച്ചിരുന്നു. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു എസ്പി ഓഫീസ് മാര്‍ച്ച് നടത്തി.

പരാതിയുമായി സ്റ്റേഷനിലെത്തിയിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് എം.എല്‍.എ ആരോപിക്കുന്നത്. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് ശേഷമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

പരാതി നല്‍കുമ്പോള്‍ പ്രതികള്‍ ആലുവ താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഇത് പൊലീസിനെ അറിയിച്ചിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെന്നും കെ.എസ്.യു നേതാക്കള്‍ ആരോപിച്ചു.

യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് നാല് മാസം ഗര്‍ഭിണിയായ യുവതിയെയും പിതാവിനെയും ക്രൂരമായി മര്‍ദിച്ചത്. സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News