മിൽമ യൂണിയന്റെ തലപ്പത്ത് മാറ്റം; ഭാസുരാംഗനു പകരം മണി വിശ്വനാഥ്
മിൽമ യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത യൂണിയൻ തലപ്പത്തെത്തുന്നത്.
തിരുവനന്തപുരം: ഇ.ഡി റെയ്ഡിന് പിന്നാലെ മിൽമ തിരുവനന്തപുരം മേഖല അഡിമിന്ട്രെറ്റീവ് കമ്മിറ്റികൺവീനർ സ്ഥാനത്തു നിന്നും എൻ.ഭാസുരാംഗനെ മാറ്റി. പകരം മണി വിശ്വനാഥിനെ നിയമിച്ചു. മിൽമ യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത യൂണിയൻ തലപ്പത്തെത്തുന്നത്. ഭാസുരാംഗന് അനുവദിച്ച വാഹനം മിൽമ തിരിച്ചെടുത്തു.
അതേസമയം, തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇ.ഡി പരിശോധന 36 മണിക്കൂർ പിന്നിട്ടു. ബാങ്കിന്റെ മാറനല്ലൂർ ശാഖയിലും മുൻ ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ മാറനല്ലൂരിലെ വീട്ടിലുമാണ് ഇപ്പോഴും പരിശോധന തുടരുന്നത്. ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാസുരാംഗന്റെ നില തൃപ്തികരമായി തുടരുന്നു.
ഭാസുരാംഗന്റെ അസാന്നിധ്യത്തിലും വീട്ടിലെ പരിശോധന തുടരാൻ ഇ.ഡി തീരുമാനിക്കുകയായിരുന്നു. ഇതിനായി ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെ ഉദ്യോഗസ്ഥർ പൂജപ്പുരയിലെ വാടകവീട്ടിൽ നിന്ന് മാറനല്ലൂരിലെ വീട്ടിലെത്തിച്ചു. അതിനൊപ്പം ബാങ്കിൽ നടത്തിയ പരിശോധനയിൽ ചില ക്രമക്കേടുകൾ ഇ.ഡി കണ്ടെത്തി. ബാങ്ക് രജിസ്റ്ററിൽ വൻ തിരിമറി നടന്നതായാണ് കണ്ടെത്തൽ. രജിസ്റ്ററിൽ ഒരു കോടിക്ക് മുകളിൽ നിക്ഷേപിച്ചവരുടെ വിവരങ്ങളില്ല. ബാങ്കിലെ പഴയ രജിസ്റ്റർ ബുക്കുകളിൽ ചിലത് മാറ്റിയതായും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ. ബാങ്കിലെ നാല് ജീവനക്കാരെ ചോദ്യം ചെയ്യാനും ഇ.ഡി തീരുമാനിച്ചു.
ഭാസുരാംഗന്റെ ബിനാമി പേരുകളിലുള്ള പണ നിക്ഷേപമാണ് രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് എന്ന സംശയത്തിലാണ് ഇ.ഡി. ഇതിനിടെ അഖിൽ ജിത്തിനെ ബാങ്കിന്റെ മാറനല്ലൂർ ശാഖയിലെത്തിച്ച് ഇവിടെയുള്ള അഖിൽജിത്തിന്റെ ലോക്കർ തുറന്നു. ലോക്കറിൽ ഉണ്ടായിരുന്ന ചില രേഖകൾ ഇ.ഡി പരിശോധിക്കും. നേരത്തെ അഖിൽജിത്തിന്റെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്ത ആസ്തിവിവരങ്ങളുടെ രേഖകളിൽ ഏഴരക്കോടിയുടെ പൊരുത്തക്കേട് ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അഖിൽജിത്തിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.