കരുവന്നൂർ കള്ളപ്പണമിടപാട്; പി.ആർ അരവിന്ദാക്ഷന്‍റെ ജാമ്യം തടയാൻ നിർണായക നീക്കവുമായി ഇ.ഡി
ഫോൺ സംഭാഷണങ്ങളിൽ കമ്മീഷൻ ഇടപാട് സംബന്ധിച്ച് പരാമർശം ഉണ്ടെന്ന് ഇ.ഡി പറയുന്നു
തൃശൂര്‍: കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ പി.ആർ അരവിന്ദാക്ഷന്‍റെ ജാമ്യം തടയാൻ നിർണായക നീക്കവുമായി ഇ.ഡി. ഒന്നാം പ്രതി സതീഷ് കുമാറുമായുള്ള അരവിന്ദാക്ഷന്‍റെ ഫോൺ സംഭാഷണങ്ങൾ ഇ.ഡി നാളെ കോടതിയെ കേൾപ്പിക്കും. ഫോൺ സംഭാഷണങ്ങളിൽ കമ്മീഷൻ ഇടപാട് സംബന്ധിച്ച് പരാമർശം ഉണ്ടെന്ന് ഇ.ഡി പറയുന്നു.
വടക്കാഞ്ചേരി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ അരവിന്ദാക്ഷന് എതിരെയുള്ള കുരുക്ക് മുറുക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബിനാമി ലോണുകൾ വഴി ലഭിച്ച പണം ആണെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് അരവിന്ദാക്ഷന്റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരം ഇ.ഡി വെളിപ്പെടുത്തിയത്.
അരവിന്ദാക്ഷൻ പലതവണ വിദേശയാത്രകൾ നടത്തി. 2013 -14 കാലയളവിൽ അരവിന്ദാക്ഷനും സതീഷ് കുമാറും വസ്തു വിൽപ്പനയ്ക്കായി ദുബൈ യാത്ര നടത്തി. എന്നാൽ ദുബായ് യാത്രയുടെ വിശദാംശങ്ങൾ ചോദ്യം ചെയ്യലിനിടെ അരവിന്ദാക്ഷൻ വെളിപ്പെടുത്തിയിട്ടില്ല. അരവിന്ദാക്ഷൻ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഇ.ഡി അറിയിച്ചു. കേസിലെ മറ്റൊരു പ്രതിയായ കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ്‌സി കെ ജിൽസ് 2011 നും 19 നും ഇടയിൽ 11 ലക്ഷത്തിന്റെ ഭൂമി വിൽപന നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.