കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്

ബാങ്ക് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരുടെ വീട്ടിലും മറ്റ് പ്രതികളുടെയും വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്

Update: 2022-08-10 04:48 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്സ്മെന്‍റ് റെയ്ഡ്. ഒരേ സമയം പ്രതികളുടെ വീട്ടിലും ബാങ്കിലുമായാണ് പരിശോധന നടത്തുന്നത്. ബാങ്ക് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരുടെ വീട്ടിലും മറ്റ് പ്രതികളുടെയും വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്.

അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി കഴിഞ്ഞ ആഴ്ച നിർദേശം നല്‍കിയിരുന്നു. നിക്ഷേപകർക്ക് കേരള ബാങ്ക് പണം കൊടുക്കുമോയെന്നും കോടതി ചോദിച്ചു. നിക്ഷേപകർക്ക് പണം നൽകാൻ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഈട് നൽകി വായ്പയെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ടോക്കൺ അനുസരിച്ച് പണം തിരികെ നൽകുന്ന സംവിധാനം നിർത്തിവെക്കാനും കോടതി നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 19 പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. 226 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്.വ്യാജ രേഖകൾ ഉണ്ടാക്കി വായ്പ നൽകി തട്ടിപ്പ്, പ്രതിമാസ ചിട്ടി നടത്തിപ്പിൽ തട്ടിപ്പ്, സഹകരണ വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് എന്നിങ്ങനെ 226 കോടി രൂപ ബാങ്കിന് നഷ്ടമായി.വ്യാജ വായ്പയിലൂടെ നഷ്ടമായത് 215 കോടി രൂപയാണ്. പ്രതിമാസ ചിട്ടി നടത്തിപ്പിൽ 19 കോടി തട്ടിപ്പ് നടത്തി. സഹകരണ സൂപ്പർ മാർക്കറ്റുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ 1.8 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News