സ്വർണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ഇ.ഡി; സുപ്രിംകോടതിയിൽ ഹരജി
കേസിൽ സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ഇ.ഡി ഹരജിയിൽ ചൂണ്ടിക്കാട്ടി
ന്യൂ ഡല്‍ഹി: സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രിംകോടതിയിൽ ട്രാൻസ്ഫർ ഹരജി നൽകി. കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് ഹരജിയിലെ ആരോപണം. കേസിൽ സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇ.ഡി ഹരജിയിൽ ചൂണ്ടിക്കാട്ടി.
സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനിടയിലാണ് ഇ.ഡിയുടെ നീക്കം. ഡല്‍ഹിയില്‍ നടന്ന ഉന്നത തല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇ.ഡി ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇ.ഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മുഖാന്തരമാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള സെഷന്‍സ് കേസ് 610/2020 പൂര്‍ണമായും ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിവരാണ് കേസിലെ ആദ്യ നാല് പ്രതികള്‍. എം ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരില്‍ നിര്‍ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകള്‍ ഉണ്ടെന്നാണ് ഇ.ഡി ആരോപിക്കുന്നത്. ജൂലൈ ആദ്യവാരം ഇക്കാര്യമാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും കൂടുതല്‍ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് വീണ്ടും ഹരജി ഫയല്‍ ചെയ്തത്.