മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം: 16 കോടി രൂപ അധികം അനുവദിച്ചു

സാമ്പത്തിക പ്രതിസന്ധിക്കിടയിലും മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ

Update: 2024-03-02 14:00 GMT
Advertising

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കാൻ 16 കോടി രൂപ അധികം അനുവദിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 14 ജില്ലകളിലുമായി ഏകദേശം 7500 പോസ്റ്റ്‌ മെട്രിക് വിദ്യാര്‍ഥികള്‍ക്ക് ഈ തുക ഉപയോഗിച്ച് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും.

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. തീരദേശത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ സംസ്ഥാന പദ്ധതി വിഹിതത്തിൽനിന്നും 36 സ്കൂളുകൾക്ക് 70 കോടി രൂപയും കിഫ്ബിയിൽനിന്നും 57 സ്കൂളുകൾക്ക് 66 കോടി രൂപയും ഉൾപ്പെടെ 136 കോടി രൂപ അനുവദിച്ചു. ഇതിൽ 69 സ്കൂളുകളിലെ നിർമാണം പൂർത്തീകരിച്ച് കൈമാറിക്കഴിഞ്ഞു.

തീരദേശത്തിന്റെ പ്രത്യേക പിന്നാക്കാവസ്ഥയും വിദ്യാഭ്യാസപരമായ പോരായ്മകളും കണക്കിലെടുക്കുമ്പോൾ, മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് പലപ്പോഴും തുടർവിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി പ്രകാരം നിലവിലുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് പുറമേ പരമാവധി ഒരു ലക്ഷം രൂപ വരെ അധിക ധനസഹായമായി അനുവദിക്കുന്നതുവഴി ഇത്തരം വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനത്തിനായി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ ഇ - ഗ്രാന്റ്സ് പദ്ധതി നടപ്പാക്കുകയും ആനുകൂല്യങ്ങൾ ഡി.ബി.ടി മുഖാന്തിരം ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുകയും ചെയ്തുവരുന്നു. ഇതിനു പുറമേ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് യു.പി.എസ്.സി, പി.എസ്.സി, ബാങ്ക് ടെസ്റ്റ് തുടങ്ങിയ മത്സരപരീക്ഷകൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.

വിദ്യാതീരം പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ എൻട്രൻസിന് പരിശീലനം നൽകിയതിന്റെ ഭാഗമായി തീരദേശത്തുനിന്നും 84 വിദ്യാർഥികൾക്ക് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചുവെന്നത് തീരദേശത്തെ വിദ്യാഭ്യാസ മേഖലയിലെ വകുപ്പിന്റെ ഇടപെടലിന് ഉത്തമ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.​

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News