ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകം: എട്ട് സി.പി.എം പ്രവർത്തകരെ വെറുതെവിട്ടു
കടയിലിരുന്ന് പത്രം വായിക്കുകയായിരുന്ന ഷിജുവിനെ മാരകായുധങ്ങളുമായി ജീപ്പിലെത്തിയ ഒമ്പതംഗ സംഘം വെട്ടുകയായിരുന്നു
തലശ്ശേരി: ബി.ജെ.പി പ്രവർത്തകനായിരുന്ന മാലൂർ തോലമ്പ്ര കണ്ട്യൻ ഷിജുവിനെ (24) കൊലപ്പെടുത്തിയ കേസിൽ എട്ട് സി.പി.എം പ്രവർത്തകരെ വിചാരണാകോടതി വെറുതെവിട്ടു. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി മൃദുലയുടേതാണ് വിധി. സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നും കണ്ടാണ് വിധി.
തോലമ്പ്രയിലെ അനിലാലയത്തിൽ നെല്ലേരി അനീഷ്, കെ.പങ്കജാക്ഷൻ, ആലക്കാടൻ ബിജു, ചെമ്മരത്തിൽ മണി വിജേഷ്, പനിച്ചി സുധാകരൻ, ചിറ്റാരിപ്പറമ്പ് കോട്ട സ്വദേശികളായ പൊങ്ങോളി ധനേഷ്, നെല്ലിക്ക മുകേഷ്, സജിനാലയത്തിൽ കാരായി ബാബു എന്നീ സി.പി.എം പ്രവർത്തകരെയാണ് വെറുതെവിട്ടത്. കേസിൽ രണ്ടാം പ്രതിയായിരുന്ന അശോകൻ വിചാരണാകാലത്ത് മരിച്ചിരുന്നു.
2009 മാർച്ച് നാലിന് രാവിലെയാണ് കടയിലിരുന്ന് പത്രം വായിക്കുകയായിരുന്ന ഷിജുവിനെ മാരകായുധങ്ങളുമായി ജീപ്പിലെത്തിയ ഒമ്പതംഗ സംഘം വെട്ടുകയായിരുന്നു. ചികിത്സയിലിരിക്കെ ഷിജു മരിച്ചു. ചാത്തോത്ത് പവിത്രൻ എന്നയാളുടെ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതികൾക്കു വേണ്ടി ഹൈക്കോടതി സീനിയർ അഭിഭാഷകൻ രാമൻ പിള്ളയും എൻ.ആർ ഷാനവാസുമാണ് ഹാജരായത്.