ജീവനക്കാരെ പിരിച്ചുവിടില്ല; ബൈജൂസ് ആപ്പിന്റെ കേരളത്തിലെ പ്രവർത്തനം തുടരും
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഉടമയുടെ ഉറപ്പ്.
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ആപ്ലിക്കേഷൻ കമ്പനിയായ ബൈജൂസ് ആപ്പിന്റെ കേരളത്തിലെ പ്രവർത്തനം തുടരും. തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും സ്ഥലംമാറ്റില്ലെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ ഉറപ്പ് നല്‍കി.
നേരത്തെ മാറ്റാൻ തീരുമാനിച്ച 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ തുടരാമെന്നും ബൈജൂസ് വ്യക്തമാക്കി. കമ്പനിയുടെ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന ആശങ്ക പങ്കുവച്ച് ജീവനക്കാര്‍ മുഖ്യമന്ത്രിക്കും തൊഴിൽമന്ത്രി വി ശിവന്‍കുട്ടിക്കും കത്ത് നല്‍കിയിരുന്നു.
മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കാണണം എന്നായിരുന്നു ആവശ്യം. കേരളത്തില്‍ നിലവില്‍ 11 ഓഫീസുകളിലായി 3000ഓളം ജീവനക്കാരാണ് ഉള്ളത്. കേരളത്തിലെ സ്ഥാപനങ്ങള്‍ പൂട്ടുമെന്ന ആശങ്ക ജീവനക്കാര്‍ക്ക് വേണ്ടെന്നും തിരുവനന്തപുരത്തെ സ്ഥാപനം സമാന രീതിയില്‍ തന്നെ പ്രവർത്തിക്കുമെന്നും 140 ജീവനക്കാര്‍ക്കും തിരുവനന്തപുരത്തു തന്നെ തുടരാമെന്നും ചര്‍ച്ചയില്‍ ഉടമ വ്യക്തമാക്കി.
സ്ഥാപനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും മികച്ച രീതിയില്‍ മുന്നോട്ടുപോവുമെന്നും അത് കേരളത്തില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും ചര്‍ച്ചയില്‍ ബൈജൂസ് ആപ്പ് ഉടമ അറിയിച്ചു.
സ്ഥാപനത്തിന്‍റെ ചില പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഡെവലപ്മെന്റ് സെന്ററിലെ ജീവനക്കാരോട് ബംഗളൂരു ഓഫീസിലേക്ക് മാറാൻ നിർദേശിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.
നോട്ടീസ് നൽകാതെ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിഷയത്തിൽ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ടെക്‌നോപാർക്കിലെ ഐ.ടി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ നേരത്തെ തൊഴിൽമന്ത്രി വി ശിവൻകുട്ടിയെ കണ്ടിരുന്നു.
2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു.
2022 സാമ്പത്തിക വർഷത്തിൽ വരുമാനം 10,000 കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ആ വർഷത്തെ ലാഭമോ നഷ്ടമോ കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിൽ 20,000 അധ്യാപകർ കമ്പനിക്കു കീഴിൽ ജോലി ചെയ്യുന്നുണ്ട്.