സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും വിട്ടുനിന്ന് ഇ.പി
പി.വി അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങൾക്കിടെയുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരംഭിച്ചു
തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി തുടർന്ന് ഇ.പി ജയരാജൻ. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തിയില്ല. തുടർന്നുള്ള യോഗങ്ങളിലും വിട്ടുനിൽക്കാനാണ് ഇ.പി ആലോചിക്കുന്നത്.
ബിജെപി ബന്ധത്തിന്‍റെ പേരിലാണ് ഇ.പി ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് സിപിഎം മാറ്റിയത്. തീരുമാനമെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റിൽ തന്നെ കടുത്ത അതൃപ്തി ഇ.പി ജയരാജൻ വ്യക്തമാക്കിയിരുന്നു. സെക്രട്ടേറിയറ്റിന് പിന്നാലെ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങുകയും ചെയ്തു. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതെ അതൃപ്തി പ്രകടമാക്കാൻ ആണ് ഇ.പി തീരുമാനിച്ചിരുന്നത്. പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇ.പി ജയരാജൻ പങ്കെടുത്തില്ല.
കണ്ണൂരിൽ തന്നെയാണ് ഇ.പി ജയരാജൻ ഉള്ളത്. സമ്മേളന കാലമായതുകൊണ്ട് സിപിഎമ്മിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾ ഉയർന്നു വരുന്നുണ്ട്. ഈ യോഗങ്ങളിൽ ഒന്നും തന്നെ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലവിൽ ഇ പിയുടെ തീരുമാനം. കേന്ദ്ര കമ്മിറ്റി യോഗത്തിൽ കൂടി പങ്കെടുക്കാതെ തന്‍റെ അതൃപ്തി കേന്ദ്ര നേതൃത്വത്തിനു മുന്നിലും വ്യക്തമാക്കാനാണ് ഇ.പി ആലോചിക്കുന്നത്.