പുതുപ്പള്ളിയിൽ ചർച്ചയാകുന്നത് സംസ്ഥാനത്തെ വികസനം; മാസപ്പടി വിവാദത്തിൽ മിണ്ടാതെ ഇ.പി.ജയരാജൻ
പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസിൻ്റെ രണ്ടാം ഘട്ട വാഹന പര്യടനം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.
കോട്ടയം: ദേശീയ രാഷ്ട്രീയം നേരിടുന്ന പ്രശ്നങ്ങളും സംസ്ഥാനത്തെ വികസനവുമാണ് പുതുപ്പള്ളിയിൽ ചർച്ചയാകുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മാസപ്പടി വിവാദത്തിൽ വീണ വിജയനെതിരെയുള്ള ചോദ്യത്തിന് ഇ.പി.ജയരാജൻ മറുപടി പറഞ്ഞില്ല.
ഇന്ത്യ നേരിടുന്ന അത്യന്തം ഗുരുതരമായ ഫാസിസ്റ്റ് വിപത്തിനെതിരെ പുതുപ്പള്ളിയിലെ ജനം ഇടതുപക്ഷത്തോടൊപ്പം അണിനിരക്കും. പുതുപ്പള്ളി അനുഭവിക്കുന്ന പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസ് ജയിക്കണമെന്നും ഇ.പി.ജയരാജൻ മീഡിയവണിനോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി ചട്ടവിരുദ്ധമായി പണം കൈപ്പറ്റിയെന്ന വാർത്ത പുതുപ്പള്ളിലെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചർച്ചയാണ്. എന്നാൽ പുതുപ്പള്ളിയിലും , അയർക്കുന്നത്തും നടന്ന എൽ.ഡി.എഫ് പ്രചാരണ വേദികളിൽ മുഖ്യമന്ത്രി വിഷയത്തിൽ മൗനം ഭജിച്ചു. വികസന നേട്ടങ്ങൾ നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. അതേസമയം, മാസപ്പടിയിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് പ്രതിക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്നും തുടരും. കൂരോപ്പട പഞ്ചായത്തിലാണ് ഇന്ന് പര്യടനം. വൈകീട്ട് നാലിന് മണർകാട് നടക്കുന്ന കൺവൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസിൻ്റെ രണ്ടാം ഘട്ട വാഹന പര്യടനത്തിനും ഇന്ന് തുടക്കമാകും. മണർകാട് പഞ്ചായത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.