ഷാഫി പറമ്പിൽ സഹോദരനു തുല്യം; ഇരുവർക്കുമിടയിലെ കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്ടെ ബിജെപിയുടേത് ഇത്തവണ ക്ലോസ് ചാപ്റ്ററായിരിക്കുമെന്നും രാഹുൽ
പാലക്കാട്: ഷാഫി പറമ്പിലുമായുള്ള കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കെഎസ്‌യു ചുമതലയുമായി ഷാഫി തന്റെ നാടായ പത്തനംതിട്ടയിലെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ ആദ്യമായി കണ്ടെതെന്നും അന്നുമുതലാണ് ആ ബന്ധം തുടങ്ങിയതെന്നും രാഹുൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്ക് ഷാഫിക്ക് ശേഷം എത്താൻ സാധിച്ചതും തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കിയതായി രാഹുൽ പറഞ്ഞു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാഫി പറഞ്ഞാൽ പിന്നെ പാലക്കാട്ട് രാഹുൽ തന്നെയാണെന്നും അതിന് അപ്പീലില്ല എന്നുമുള്ളത് എല്ലാവരുടെയും തോന്നൽമാത്രമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ ഷാഫിക്ക് സ്വീധീനം ചിലത്തുക എന്നത് പ്രയോഗികമായി നടപ്പിലാക്കാൻ കഴിയാത്ത കാര്യമാണ്. സ്ഥാനാർഥി നിർണയുവുമായി ബന്ധപ്പെട്ട് ഒരു സമിതിയിലും അദ്ദേഹം അങ്കമല്ല. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയ്ക്ക് താൻ സ്‌ക്രീനിങ് കമ്മിറ്റിയിലെങ്കിലും ഉണ്ട്. രാഹുൽ പറഞ്ഞു.
പാലക്കാട് അപിരിജതമായ മണ്ഡലമല്ല. കെഎസ്‌യു ഭാരവാഹി ആയതു മുതൽ പാലക്കാട് പരിചിതമാണ്. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനത്തിലൂടെയും പാലക്കാട് പരിജിതമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ ചുമതലയും പാർട്ടി ഏൽപ്പിച്ചിരുന്നു. രാഹുൽ പറഞ്ഞു.
പാലക്കാട്ടെ ബിജെപിയുടേത് ഇത്തവണ ക്ലോസ് ചാപ്റ്ററായിരിക്കുമെന്നും രാഹുൽ പറഞ്ഞു. ഏത് മണ്ഡലമായാലും മത്സരം ബിജെപിയോടാണ് എന്ന് പറയാൻ പോലും ആഗ്രഹിക്കാത്ത ആളാണ് താൻ. പക്ഷെ കഴിഞ്ഞ കുറച്ചുകാലങ്ങളായി പാലക്കാട്ടിൽ അവർക്ക് മുൻതൂക്കമുണ്ട്. ആ സാഹചര്യത്തിന് മാറ്റം വരുത്താൻ സിപിഎമ്മും ശ്രമിക്കട്ടെ. രാഹുൽ കൂട്ടിച്ചേർത്തു.