ഏകീകൃത കുർബാന; എറണാകുളം- അങ്കമാലി അതിരൂപതയുടെ നിലപാടിനെതിരെ വത്തിക്കാനെ സമീപിക്കാൻ തീരുമാനം
സിനഡ് തീരുമാനം ലംഘിച്ചുള്ള അതിരൂപതയുടെ തീരുമാനത്തിനെതിരെ വത്തിക്കാനെ സമീപിക്കാൻ യോഗത്തിൽ തീരുമാനമായി
ഏകീകൃത കുർബാന നടപ്പിലാക്കേണ്ടെന്ന എറണാകുളം- അങ്കമാലി അതിരൂപതയുടെ നിലപാടിന്‍റെ പശ്ചാത്തലത്തിൽ സിറോ മലബാർ സഭ സിനഡിന്‍റെ സ്ഥിരം സമിതി യോഗം ചേർന്നു. സിനഡ് തീരുമാനം ലംഘിച്ചുള്ള അതിരൂപതയുടെ തീരുമാനത്തിനെതിരെ വത്തിക്കാനെ സമീപിക്കാൻ യോഗത്തിൽ തീരുമാനമായി.
ഈ മാസം 23ന് മുൻപ് ഏകീകൃത കുർബാന നടപ്പിലാക്കുന്നത് സംബന്ധിച്ച് അതിരൂപതയിൽ സർക്കുലർ ഇറക്കുമെന്നായിരുന്നു കഴിഞ്ഞ സിനഡിൽ മാർ ആന്‍റണി കരിയിൽ ഉറപ്പ് നൽകിയത്. ഇതിന് വിപരീതമായ നിലപാടാണ് ഇന്നലെ നിരാഹാരം നടത്തി വന്ന വൈദികർക്ക് അയച്ച കത്തിൽ രൂപതാധ്യക്ഷൻ സ്വീകരിച്ചത്. ജനാഭിമുഖ കുർബാന തുടരുമെന്ന ബിഷപ്പിന്‍റെ ഉറപ്പാണ് വൈദികരും വിശ്വാസികളും ഒമ്പത് ദിവസമായി നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിക്കാൻ കാരണമായത്. പുരോഹിതരുടെ നിരാഹാരം അവസാനിപ്പിക്കാൻ മറ്റുവഴികൾ ഇല്ലാത്ത പശ്ചാത്തലത്തിലാണ് ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ബിഷപ് വ്യക്തമാക്കി. നിലവിലെ സ്ഥിതി പൗരസ്ത്യ തിരുസംഘത്തെ അറിയിച്ചിട്ടുണ്ട്.
സിനഡ് നിർദേശപ്രകാരം സർക്കുലർ ഇറക്കിയാൽ അതിരൂപതയില്‍ ഗുരുതര ആരാധനാ പ്രതിസന്ധി ഉണ്ടാകുമെന്നും ബിഷപ്പ് ചൂണ്ടികാട്ടി. എന്നാൽ സിനഡ് നിർദേശം ലംഘിച്ച് അതിരൂപതയ്ക്ക് ഒപ്പം നിൽക്കാനുള്ള ആന്‍റണി കരിയിലിന്‍റെ തീരുമാനത്തിനെതിരെ വത്തിക്കാനെ സമീപിക്കാൻ ഇന്നലെ ഓൺലൈനായി ചേർന്ന സിനഡ് സ്ഥിരം സമിതി തീരുമാനിച്ചു.