രണ്ടുവയസുകാരിയെ കണ്ടെത്തിയിട്ട് 17 മണിക്കൂര്‍; പ്രതി ഇപ്പോഴും കാണാമറയത്ത്
കുട്ടിയുടെ കുടുംബത്തിന് സംഭവവുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പൊലീസ് തള്ളി
തിരുവനന്തപുരം: പേട്ടയിൽ കാണാതായ രണ്ടുവയസുകാരിയെ തിരികെക്കിട്ടി 17 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. വിവിധയിടങ്ങളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും നിർണായകമായതൊന്നും കണ്ടെത്തിയില്ല. എന്നാൽ കുട്ടിയുടെ കുടുംബത്തിന് സംഭവവുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പൊലീസ് തള്ളി.
കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള അറപ്പുരവിളാകം പ്രദേശത്ത് ഒരു സ്ത്രീ കൈയിൽ കുട്ടിയുമായി നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ ഇന്ന് കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, കേസുമായി ഈ സ്ത്രീക്ക് ബന്ധമില്ലെന്ന് ഉറപ്പിച്ചു. അന്വേഷണത്തെ സഹായിക്കുമെന്ന് കരുതുന്ന ചില ദൃശ്യങ്ങൾ അറപ്പുരവിളാകം മുതൽ ചാക്ക ഐ.ടി.ഐ വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അവ സൈബർ സംഘം പരിശോധിച്ചുവരികയാണെന്നും തിരുവനന്തപുരം സിറ്റി ഡി.സി.പി നിധിൻ രാജ് പറഞ്ഞു.
കുട്ടിയെ കണ്ടെത്തിയ ബ്രഹ്മോസ് പരിസരത്ത് ഒരു സി.സി.ടി.വി മാത്രമേയുള്ളൂ എന്നതും ഇതിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല എന്നതും പൊലീസിന് വെല്ലുവിളിയായി. ഡി.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് രാവിലെ മുതൽ പരിശോധന നടത്തി. ഫൊറൻസിക്, ഫിംഗർപ്രിന്റ് സംഘങ്ങളും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഇതിന്റെ അന്തിമ ഫലം ലഭിച്ചെങ്കിൽ മാത്രമേ അന്വേഷണത്തെ സഹായിക്കുന്ന തെളിവുകൾ ലഭിച്ചോ എന്നത് സ്ഥിരീകരിക്കാനാകൂ. തുടർന്ന് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറും സ്ഥലത്തെത്തി പരിശോധന നടത്തി.