വോട്ടെടുപ്പ് കഴിഞ്ഞിട്ടും പോര് തുടർന്ന് വടകര; ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമെന്ന് എ.എ റഹീം
വടകരയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് അലർട്ട് പരിപാടിയിലാണ് റഹീമിന്റെ രൂക്ഷവിമർശനം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ രാഷ്ട്രീയ പോര് തുടരുന്നു. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിൻറ് എ.എ റഹീം ആരോപിച്ചു. വടകരയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് അലർട്ട് പരിപാടിയിലാണ് റഹീമിന്റെ രൂക്ഷവിമർശനം.
'വടകര വർഗീയതയെ അതിജീവിക്കും' എന്ന പേരിലാണ് ഡിവൈഎഫ്ഐ ജാഗ്രത സദസ്സ് സംഘടിപ്പിച്ചത്. യുഡിഎഫിനെയും സ്ഥാനാർഥി ഷാഫി പറമ്പിലിനെയും രൂക്ഷമായി വിമർശിച്ചായിരുന്നു നേതാക്കളുടെ പ്രസംഗം. പാലക്കാട് ഹിന്ദുത്വ രാഷ്ട്രീയവും വടകരയിൽ മതന്യൂനപക്ഷ രാഷ്ട്രീയവും പുറത്തെടുത്ത രാഷ്ട്രീയ കുമ്പിടിയാണ് ഷാഫി പറമ്പിലെന്നും ഡിവൈഎഎഫ്ഐ യൂത്ത് അലർട് പരിപാടി ഉദ്ഘാടനം ചെയ്ത എ.എ റഹീം പറഞ്ഞു.
വടകരയിൽ വർഗീയ പ്രചാരണത്തിലൂടെ വോട്ട് തേടാൻ ശ്രമിച്ചെന്ന ഇരുമുന്നണികളുടെയും ആരോപണ പ്രത്യാരോപണം തുടരുന്നതിനിടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി പരിപാടി സംഘടിപ്പിച്ചത്.'വർഗീയതക്കെതിരെ നാടൊരുമിക്കണം' എന്ന പേരിൽ കോൺഗ്രസും വടകരയിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടി കോൺഗ്രസ് പ്രഖ്യാപിച്ചപ്പോഴാണ് ഡിവൈഎഫ്ഐ പരിപാടി സംഘടിപ്പിച്ചതെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ആരോപിച്ചു.