ഭാര്യയെ കടിച്ച അയല്‍വീട്ടിലെ നായയെ അടിച്ചു കൊന്നു; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന നായയുടെ തലയില്‍ ഇയാള്‍ ഇരുമ്പ് ദണ്ഡുകൊണ്ട് തുടരെ അടിച്ചു. തടയാനെത്തിയ വീട്ടുടമയെയും പ്രശാന്ത് അസഭ്യം പറഞ്ഞ് പിടിച്ചു തള്ളി

Update: 2023-04-23 02:08 GMT

ഒളിവില്‍ പോയിരിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത്

Advertising

ചാത്തന്നൂര്‍: അയല്‍വീട്ടിലെ വളര്‍ത്തുനായയെ അടിച്ചു കൊന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്. ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ പ്രശാന്തിനെതിരെയാണ് പോലീസ് കേസെടുത്തത്. പ്രശാന്ത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭാര്യയെ കടിച്ചതിന്റെ വൈരാഗ്യത്തിലാണ് പ്രശാന്ത് നായയെ അടിച്ചു കൊന്നതെന്നാണ് പ്രാഥമിക വിവരം. നായയെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വീട്ടുടമയായ സ്ത്രീയെയും ഇയാള്‍ ഉപദ്രവിച്ചു.

ഈ മാസം 20നാണ് ക്രൂരമായ സംഭവം നടന്നത്. സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന നായയുടെ തലയില്‍ ഇയാള്‍ ഇരുമ്പ് ദണ്ഡുകൊണ്ട് തുടരെ അടിച്ചു. ഇത് കണ്ട് തടയാനെത്തിയ വീട്ടുടമ ആദിത്യ രശ്മിയെയും പ്രശാന്ത് അസഭ്യം പറഞ്ഞ് പിടിച്ചു തള്ളി. നിലത്തു വീണ ഇവരുടെ മുന്‍വശത്തെ പല്ല് പൊട്ടി.

മാര്‍ച്ച് 29ന് ബന്ധുവിന്റെ സഞ്ചയന വിവരം അറിയിക്കാന്‍ പ്രശാന്തിന്റെ ഭാര്യ അയല്‍ വീട്ടിലെത്തിയപ്പോഴാണ് നായ കടിച്ചത്. ഇരു കൈയിലും അന്ന് പരിക്കേറ്റിരുന്നു.

നെടുമങ്ങാട് കല്ലിയോട് സ്വദേശിയാണ് പ്രശാന്ത് എക്‌സൈസ് വകുപ്പില്‍ പ്രൊബേഷന്‍ പീരിയഡിലാണ്. നായയെ കൊന്നതിനും സ്ത്രീയെ ഉപദ്രവിച്ചതിനുമാണ് ഇയാള്‍ക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തിരിക്കുന്നത്.

Tags:    

Writer - അന്ന കീര്‍ത്തി ജോര്‍ജ്

contributor

Editor - അന്ന കീര്‍ത്തി ജോര്‍ജ്

contributor

By - Web Desk

contributor

Similar News