എക്‌സിറ്റ് പോളുകൾ തോൽക്കും, എൽഡിഎഫ് ജയിക്കും; വിജയപ്രതീക്ഷയിൽ വിഎസ് സുനിൽകുമാർ
യുഡിഎഫിന് കഴിഞ്ഞ വര്‍ഷം ലക്ഷത്തിനോടടുത്ത ഭൂരിപക്ഷവും കെ മുരളീധരന്റെ വരവുമാണ് തൃശൂരിൽ പ്രതീക്ഷ നൽകുന്നത്.
എക്സിറ്റ് പോളുകൾ തോൽക്കുമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ മീഡിയ വണ്ണിനോട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽക്കുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്ന മണ്ഡലങ്ങളിൽ വലിയ വിജയമാണ് നേടിയത്. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ രാഷ്ട്രീയ പിന്തുണയ്ക്ക് തകർച്ച സംഭവിക്കുന്ന ഒന്നും ഉണ്ടായിട്ടില്ലെന്നും സുനിൽകുമാർ പറഞ്ഞു.
'നൂറുശതമാനം ജയിക്കുമെന്ന് ഉറപ്പാണ്. തോൽക്കുമെന്ന് പറഞ്ഞ ഏഴ് മണ്ഡലങ്ങളും എൽഡിഎഫ് ജയിച്ച മണ്ഡലങ്ങളാണ്. ഇതാണ് എക്സിറ്റ് പോളിനുള്ള മറുപടി. ഞങ്ങളുടെ ജനകീയ പിന്തുണയ്ക്ക് തകർച്ച സംഭവിക്കുന്ന ഒന്നും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജയിക്കുമെന്ന് ഉറപ്പാണ്'; സുനിൽകുമാർ പറഞ്ഞു.
തൃശൂരിൽ ക്രോസ് വോട്ടിങ് നടന്നുവെന്ന യുഡിഎഫ് ആരോപണത്തെ സുനിൽകുമാർ പരിഹസിച്ചു. ആരോപണത്തിൽ ഇന്ന് കൂടി യുഡിഎഫ് ഉറച്ചുനിന്നോട്ടെ, നാളെ നമുക്ക് കാണാമെന്നാണ് പ്രതികരണം.
സുനില്‍കുമാറിന്റെ സ്വീകാര്യതയും മണ്ഡലത്തിന്റെ ഇടത് അനുകൂല സ്വഭാവവും എല്‍ഡിഎഫിന് ആത്മവിശ്വാസം നൽകുമ്പോൾ യുഡിഎഫിന് കഴിഞ്ഞ വര്‍ഷം ലക്ഷത്തിനോടടുത്ത ഭൂരിപക്ഷവും കെ മുരളീധരന്റെ വരവുമാണ് പ്രതീക്ഷ നൽകുന്നത്.