ഫേസ്‌ബുക്ക് ഇന്ത്യയിൽ മുസ്‌ലിം വിരുദ്ധ അക്രമങ്ങളെ സഹായിച്ചുവെന്ന് റിപ്പോർട്ട്
ഇന്ത്യയിൽ പൗരത്വ നിയമ വിരുദ്ധ സമരങ്ങൾ ശക്തമായി നടന്ന 2019 ഡിസംബറിനെ തുടർന്നുള്ള മാസങ്ങളിൽ വർഗീയ വിദ്വേഷം പടർത്തുന്ന ഉള്ളടക്കം 300 ശതമാനത്തോളം വർധിച്ചുവെന്നും രേഖകളിൽ പറയുന്നു.
ഇന്ത്യയിൽ വർഗീയ പരാമർശങ്ങളും വ്യാജ വാർത്തകളും നീക്കുന്നതിൽ ഫേസ്‌ബുക്ക് പക്ഷപാതിത്വപരമായി ഇടപെട്ടുവെന്ന് റിപ്പോർട്ട്. 2019 ഡിസംബറിലും ശേഷവും ഇന്ത്യയിൽ മുസ്‌ലിം വിരുദ്ധ അക്രമങ്ങളെ സഹായിച്ചുവെന്ന് ഫേസ്‌ബുക്കിൽ നിന്നും ചോർന്ന് കിട്ടിയ ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ പൗരത്വ നിയമ വിരുദ്ധ സമരങ്ങൾ ശക്തമായി നടന്ന 2019 ഡിസംബറിനെ തുടർന്നുള്ള മാസങ്ങളിൽ വർഗീയ വിദ്വേഷം പടർത്തുന്ന ഉള്ളടക്കം 300 ശതമാനത്തോളം വർധിച്ചുവെന്നും രേഖകളിൽ പറയുന്നു. വടക്കു കിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുസ്‌ലിം വിരുദ്ധ അതിക്രമങ്ങൾ അരങ്ങേറിയ സമയത്തും മുസ്‌ലിംകൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയുന്ന സന്ദേശങ്ങൾ ഫേസ്‌ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിലൂടെ വ്യാപകമായി പ്രചരിച്ചുവെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയുന്നു.
അക്രമം, വിദ്വേഷം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളാണ് തങ്ങൾക്ക് ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും ഏറ്റവും കൂടുതൽ ലഭിക്കുന്നതെന്ന് ഇന്ത്യയിലെ ഉപയോക്താക്കൾ അഭിപ്രായപെട്ടതായി റിപ്പോർട്ടിൽ പറയുന്നു. മുസ്‌ലിംകളാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നും മുസ്‌ലിംകൾ ഹിന്ദു സ്ത്രീകളെ കല്യാണം കഴിച്ച് ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാൻ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഇതിൽ ഉൾപ്പെടും.
" ഹിന്ദുക്കൾ അപകടത്തിലാണ്. മുസ്‌ലിംകൾ നമ്മളെ കൊല്ലാൻ പോവുകയാണ്" - തനിക്ക് നിരന്തരം വാട്സ്ആപിലും ഫേസ്ബുക്കിലും ഇത്തരം സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ഡൽഹി സ്വദേശിയായ ഹിന്ദു യുവാവ് ആഭ്യന്തര രേഖകൾ തയാറാക്കിയ ഗവേഷകരോട് പറഞ്ഞു. തന്റെ ജീവൻ തന്നെ അപകടത്തിലാണെന്നു മുംബൈ സ്വദേശിയായ മുസ്‌ലിം യുവാവ് പറഞ്ഞു. " ഇത് വളരെയധികം പേടിപ്പെടുത്തുന്നതാണ്" - അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സേവനങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ സംബന്ധിച്ച് വർഷങ്ങളായി ഫേസ്‍ബുക്കിന് അറിവുണ്ടായിരുന്നുവെന്നും എന്നാൽ ഇതിൽ കമ്പനി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഈ രേഖകൾ സൂചിപ്പിക്കുന്നതെന്ന് ഡിജിറ്റൽ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.