'പ്രിയങ്കയുടെ വിജയാഘോഷത്തിനിടെ കേരളത്തിൽ പശുവിനെ വെടിവെച്ചുകൊന്ന് കോണ്‍ഗ്രസ് നേതാവ്'; വിദ്വേഷ പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ
മണിപ്പൂരിൽ നിന്നുള്ള പഴയ വീഡിയോയാണ് കേരളത്തിലേതെന്ന പേരിൽ പ്രചരിക്കുന്നത്
കോഴിക്കോട്: കേരളത്തിൽ കോണ്‍ഗ്രസ് നേതാവായ മുസ്‍ലിം യുവാവ് പശുവിനെ വെടിവെച്ചുകൊന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത്. ദ ക്വിന്റിന്റെ ഫാക്ട് ചെക്കിലൂടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ വിജയാഘോഷത്തിനിടെ കോൺഗ്രസിന്റെ മീഡിയ ഹെഡായ മുഹമ്മദ് മുജാഹിദ് ഇസ്‌ലാം പശുവിനെ വെടിവെച്ച് കൊന്നു എന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്. എന്നാൽ ഈ വീഡിയോ മണിപ്പൂരിൽ നിന്നുള്ളതാണെന്നാണ് കണ്ടെത്തൽ. സംഭവത്തിന് വയനാട്ടിൽ പ്രിയങ്കയുടെ വിജയവുമായി യാതൊരു ബന്ധവുമില്ല.
2024 മെയ് ഒൻപതിന് 'ദ സിലിഗുരി ടുഡേ' എന്ന പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലേക്കാണ് ദ ക്വിന്റിന്റെ അന്വേഷണം ചെന്നെത്തിയത്. മണിപ്പൂരിൽ യുവാവ് പശുവിന്റെ തലയിൽ രണ്ടുതവണ വെടിവെക്കുന്ന ഞെട്ടിക്കുന്ന വീഡിയോ എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
2024 മെയ് ഏഴിന് 'ഫ്രീ പ്രസ് ജേണലിൽ' പ്രത്യക്ഷപ്പെട്ട ഒരു റിപ്പോർട്ടും ക്വിന്റ് പങ്കുവെക്കുന്നുണ്ട്. ഈ സംഭവം മണിപ്പൂരിൽ നിന്നുള്ളതാണെന്നും ചിലർ ഇത് കുകി വിഭാഗത്തിൽപ്പെട്ട യുവാവണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
മെയ് ഏഴിന് 'പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് അനിമൽസ് ഇന്ത്യ' (PETA) സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വീഡിയോയിലെ ആൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മണിപ്പൂർ പൊലീസിന്റെ സൈബർ ക്രൈം സെല്ലുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു പ്രസ്താവന.
അതായത്, മണിപ്പൂരിൽ പശുവിനെ വെടിവെച്ച് കൊല്ലുന്നതിൻ്റെ പഴയ വീഡിയോയാണ് കേരളത്തിലെ വയനാട്ടിൽ നിന്നുള്ളതെന്ന പേരിൽ വൈറലാകുന്നതെന്നാണ് കണ്ടെത്തൽ. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതിന് പിന്നാലെയാണ് ഉത്തരേന്ത്യയിൽ സംഘ് ഹാൻഡിലുകളിൽ വീഡിയോ പ്രചരിച്ചത്.