വ്യാജ ബില്ലുകളുണ്ടാക്കി 12 കോടിയുടെ നികുതി വെട്ടിപ്പ്: പിന്നില്‍ വന്‍ റാക്കറ്റെന്ന് സംശയം
പെരുമ്പാവൂരിലെ ചില വ്യാജ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ മറയാക്കിയാണ് പ്രതികളായ അസറും ഷംനാദും 12 കോടി തട്ടിയെടുത്തത്.
വ്യാജ ബില്ലുകളുണ്ടാക്കി 12 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് സംസ്ഥാന ജി.എസ്.ടി വിഭാഗത്തിന്റെ സംശയം. പെരുമ്പാവൂരിലെ ചില വ്യാജ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ മറയാക്കിയാണ് പ്രതികളായ അസറും ഷംനാദും 12 കോടി തട്ടിയെടുത്തത്.
പെരുമ്പാവൂര്‍ സ്വദേശികളായ അസറും ഷംനാദും ഇപ്പോള്‍ ജയിലിലാണ്. എട്ട് സ്ഥാപനങ്ങളുടെ ജി.എസ്.ടി രജിസ്ട്രേഷന്‍ ഉപയോഗിച്ച് 100 കോടിയുടെ ഇടപാടുകള്‍ നടത്തിയാണ് തട്ടിപ്പ്. രജിസ്ട്രേഷനില്‍ പേരുള്ള എട്ട് വ്യക്തികളും ബിനാമികളാണ്. നിശ്ചിത തുക വാങ്ങി ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് പ്രതികള്‍ ജി.എസ്.ടി രജിസ്ട്രേഷന്‍ എടുക്കുകയായിരുന്നു.
പഴയ ഇരുമ്പും പ്ലാസ്റ്റിക്കും കച്ചവടം നടത്തിയെന്നാണ് ബില്ലു കളിലുള്ളത്. ജി.എസ്.ടി രജിസ്ട്രേഷന്‍ ഇല്ലാത്തവരുടെ ചരക്കിന് വ്യാജ ബില്ലുകള്‍ സംഘടിപ്പിച്ചും നികുതി വെട്ടിപ്പ് നടത്തി. അസറും ഷംനാദുമടങ്ങുന്ന വലിയ ശൃംഖല നികുതി വെട്ടിപ്പിനായി പ്രവര്‍ത്തിക്കുന്നുവെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ ചോദ്യംചെയ്യലും അറസ്റ്റും അടുത്ത ദിവസങ്ങളിലുണ്ടാകും. തട്ടിപ്പിന് ഉപയോഗിച്ച ജി.എസ്.ടി രജിസ്ട്രേഷന്‍റെ ഉടമകളെല്ലാം നിര്‍ധനരാണ്. അതുകൊണ്ട് തന്നെ സ്വത്ത് കണ്ടുകെട്ടുക പോലുള്ള നടപടികളൊന്നും സാധ്യമാകില്ല. ഉത്തരേന്ത്യയെ അപേക്ഷിച്ച് ജി.എസ്.ടി വെട്ടിപ്പ് കേരളത്തില്‍ നന്നേ കുറവാണെങ്കിലും കേരള സര്‍ക്കാരിനും കോടികളാണ് നഷ്ടമാകുന്നത്.