വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
നിഖിലിന്‍റേത് ഗുരുതര കുറ്റകൃത്യമാണെന്നും 14 ദിവസം കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചു
ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ എസ്.എഫ്.ഐ കായംകുളം ഏരിയ മുന്‍ സെക്രട്ടറി നിഖിൽ തോമസിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കായംകുളം ജൂഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്. നിഖിലിന്‍റേത് ഗുരുതര കുറ്റകൃത്യമാണെന്നും 14 ദിവസം കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ ഒരാഴ്ചത്തെ കസ്റ്റഡിയാണ് കായംകുളം ജൂഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. നിഖിലിന്‍റേത് ഗുരുതര കുറ്റകൃത്യമാണെന്നും കലിംഗ-കേരള സർവകലാശാലകളിൽ എത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഇന്നലെ അർധരാത്രി 12.30ഓടെ കോട്ടയത്തുവച്ചാണ് നിഖിൽ തോമസ് അന്വേഷണ സംഘത്തിന്‍റെ പിടിയിലാവുന്നത്. കോഴിക്കോട്-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ കോട്ടയം ബസ് സ്റ്റാൻഡിൽവെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. എ.സി ലോ ഫ്‌ളോർ ബസിലായിരുന്നു യാത്ര.
കോഴിക്കോട്ട് പാർട്ടി നേതാക്കളാണ് നിഖിലിന് ഒളിവിൽ കഴിയാനുള്ള സഹായം ചെയ്തതെന്ന് സൂചനയുണ്ട്. ഒളിവിൽ പോകുന്ന സമയത്ത് നിഖിൽ ഫോണിലൂടെ ബന്ധപ്പെട്ട വർക്കലയിലുള്ള സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. നിഖിലിനെ പിടികൂടാത്തതിൽ വലിയ തോതിൽ വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം.