വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; ആരോപണം വ്യാജം, തിരുമറി നടന്നിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കട്ടെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
നാളിത് വരെ വ്യാജ ആരോപണമല്ലാതെ ഒന്നും കെ.സുരേന്ദ്രൻ ഉയർത്തിയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ ഏത് അന്വേഷണത്തെയും നേരിടാൻ യൂത്ത് കോൺഗ്രസ് തയാറെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കെ.സുരേന്ദ്രന്റേത് വ്യാജ ആരോപണമാണെന്നും തിരുമറി നടന്നിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കട്ടെയെന്നും രാഹുൽ പറഞ്ഞു. പരാതി നൽകാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്നും പരാതി ആർക്കും കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതിക്രൂരമായ മർദമേറ്റ് തെരുവിൽ ചോരയൊലിപ്പിച്ച് സമരം നടത്തിയ ചെറുപ്പക്കാരാണ് മത്സരിച്ച് ജയിച്ചത് അവരെ ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും എന്തെങ്കിലും പറഞ്ഞെന്ന് കരുതി തള്ളിക്കളയാനാകില്ലെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു.
'നാളിത് വരെ വ്യാജ ആരോപണമല്ലാതെ ഒന്നും കെ.സുരേന്ദ്രൻ ഉയർത്തിയിട്ടില്ല. ചാണ്ടി ഉമ്മന് തമിഴ്നാട്ടിൽ വസ്തുവുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞിട്ട് ചാണ്ടി ഉമ്മൻ അത് വിറ്റ് കുറച്ച് പൈസ ഉണ്ടാക്കാൻ തമിഴ്നാട് മുഴുവൻ ഓടി നടന്നു. ആ വസ്തു ഇതുവരെ കണ്ടെത്തിയിട്ടില്ല. തിരുവഞ്ചൂരിന്‍റെ മകന് കുപ്പിവെള്ള കമ്പനിയുണ്ടെന്ന് പറഞ്ഞിട്ട് അത് ഇതുവരെ കണ്ടെത്തി തന്നിട്ടില്ല. പിന്നെ സുരേന്ദ്രൻ പറയുന്നത് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ഓർമകളാണ്, എതിർ സ്ഥാനാർഥിക്ക് കാശ് കൊടുക്കുക അതുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കുക. തെരഞ്ഞെടുപ്പ് എന്ന് വെച്ചാൽ ഒന്ന് തോൽക്കാനും പിന്നെ അട്ടിമറിക്കാനും ആണെന്ന് വിചാരമുണ്ട്. അതുകൊണ്ട് സുരേന്ദ്രന്‍റെ ആരോപണത്തെ ഞാൻ അങ്ങനെയെ കാണുന്നുള്ളു'- രാഹുൽ മാങ്കൂട്ടത്തിൽ.