നടി നിഖില വിമലടക്കമുള്ളവർ പങ്കാളികളായ ഡി.വൈ.എഫ്.ഐ കലക്ഷൻ സെന്റർ വീഡിയോ ആർ.എസ്.എസിന്റേതാക്കി പ്രചാരണം

'നമസ്തേ സദാ വത്സലേ മാതൃഭൂമേ' എന്ന ​ഗാനം പശ്ചാത്തലത്തിൽ നൽകിയാണ് 'ആർ.എസ്.എസ് വയനാട്' എന്നെഴുതി വീഡിയോ പ്രചരിപ്പിക്കുന്നത്.

Update: 2024-08-01 12:53 GMT
Advertising

മേപ്പാടി: ദുരന്തങ്ങളിൽ നാടൊന്നാകെ കൈകോർക്കുമ്പോൾ അതിനിടയിൽ വിദ്വേഷം തുപ്പുകയും നുണപ്രചാരണം നടത്തുകയും ചെയ്യുന്ന ഒരു സം​ഘമാളുകൾ എപ്പോഴും രം​ഗപ്രവേശം ചെയ്യാറുണ്ട്. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തസമയത്തും കേരളം അത് കണ്ടു. 'ഇത് ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ, ഈ ദുരന്തം നടക്കേണ്ടത് മലപ്പുറത്താണ്'- എന്നടക്കമുള്ള വിഷം തുപ്പലുകളാണ് തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളിലൂടെ സോഷ്യൽമീഡിയകളിൽ ഉണ്ടായത്. അവിടംകൊണ്ടും തീർന്നില്ല, ഇപ്പോഴിതാ മുണ്ടക്കൈ ദുരന്തഭൂമിയിലേക്ക് ആവശ്യമായ ദുരിതാശ്വാസ സാധനങ്ങൾ ശേഖരിക്കുന്ന ഡി.വൈ.എഫ്.ഐ കലക്ഷൻ സെന്ററിന്റെ വീഡിയോ എടുത്ത് സ്വന്തം പേരിലാക്കി പ്രചരിക്കുകയാണ് ഹിന്ദുത്വവാദികൾ.

ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കൊപ്പം വളണ്ടിയറായി നടി നിഖില വിമലും പങ്കെടുത്ത തളിപ്പറമ്പ് കലക്ഷൻ സെന്ററിന്റെ വീഡിയോ ആണ് 'ആംഐഎക്സ്ട്രേഡർ' എന്ന എക്സ് ഹാൻഡിലിലൂടെ 'ആർ.എസ്.എസ് വയനാട്' എന്നെഴുതി പ്രചരിപ്പിക്കുന്നത്. 'ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് ആർ.എസ്.എസ് പ്രവർത്തകർ വയനാട് ജനതയെ സഹായിക്കുന്നു- ആർ.എസ്.എസ് മാത്രം' എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഘ​ഗീതം എന്നറിയപ്പെടുന്ന 'നമസ്തേ സദാ വത്സലേ മാതൃഭൂമേ' എന്ന ​ഗാനം പശ്ചാത്തലത്തിൽ നൽകിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

നടി നിഖില വിമലിനെയും സംഘ്പരിവാറുകാരിയാക്കി ഡി.വൈ.എഫ്.ഐ കലക്ഷൻ സെന്റർ ആർ.എസ്.എസിന്റേതെന്ന് അവകാശപ്പെട്ടുള്ള പ്രചാരണത്തിനെതിരെ വിമർശനങ്ങളും ട്രോളുകളും ഉയരുന്നുണ്ട്. വ്യാജ പ്രചാരണ വീഡിയോയും യഥാർഥ വീഡിയോയും പങ്കുവച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറടക്കം എക്സിലൂടെ രം​ഗത്തെത്തി.

ഇന്നലെയാണ്, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ചലച്ചിത്രതാരം നിഖില വിമലിന്റെ വീഡിയോ പുറത്തുവന്നത്. തളിപ്പറമ്പ് കലക്ഷൻ സെന്ററിൽ വളണ്ടിയറായി പ്രവർത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡി.വൈ.എഫ്.ഐ ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു. രാത്രി ഏറെ വൈകിയിട്ടും മറ്റു വളണ്ടിയർമാർക്കൊപ്പം കലക്ഷൻ സെന്ററിലെ പ്രവർത്തനങ്ങളിൽ നിഖില പങ്കാളിയായിരുന്നു.


നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. മറ്റ് ചലച്ചിത്രപ്രവർത്തകർക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവർത്തികളെന്ന് പലരും ചൂണ്ടിക്കാട്ടി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ നിഖില വിമല്‍ തന്റെ നിലപാടുകളും രാഷ്ട്രീയവും തുറന്നുപറഞ്ഞിട്ടുള്ളതിന്റെ പേരിൽ നേരത്തെ ഹിന്ദുത്വവാദികളിൽ നിന്ന് സൈബർ ആക്രമണം നേരിട്ടുള്ള നടി കൂടിയാണ്.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News