'ചങ്ങല കൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്, മൂത്രമൊഴിക്കുന്നത് കുപ്പിയിൽ'; സിദ്ദീഖ് കാപ്പന് ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം
കൃത്യമായ ചികിത്സ നൽകണമെന്നും ഇപ്പോഴുള്ള ആശുപത്രിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് കാപ്പന്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡൽഹി: കോവിഡ് ബാധിച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് കൃത്യമായി ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം. കാപ്പനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ് എന്നും ശുചിമുറിയിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു. ചങ്ങലകൊണ്ടാണ് കാപ്പനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുന്നത്. മൂന്ന് ദിവസമായി ഇതാണ് അവസ്ഥ. മൂത്രമൊഴിക്കാനായി കുപ്പിയാണ് നൽകിയതെന്നും കാപ്പന്റെ ഭാര്യ റെയ്ഹാനത്തിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നിലവിൽ മഥുരയിലെ കെ.എം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കാപ്പൻ.
കാപ്പന്റെ ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ്. കൃത്യമായ ചികിത്സ നൽകണമെന്നും ഇപ്പോഴുള്ള ആശുപത്രിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് കാപ്പന്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, നല്ല പരിചരണമാണ് ലഭിക്കുന്നതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. സിദ്ദിഖിന് കൊവിഡ് സ്ഥിരീകരിച്ച വിവരം കഴിഞ്ഞ ദിവസം അഭിഭാഷകനാണ് കുടുംബത്തെ അറിയിച്ചത്.
അതിനിടെ, കാപ്പൻ ഗുരുതരാവസ്ഥയിലാണ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിൽസ് മാത്യൂസ് പറഞ്ഞു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തു നിൽകി.
ഉത്തർപ്രദേശിലെ ഹാഥറസിൽ ബലാത്സംഗക്കൊലക്കിരയായ ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രക്കിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖിനെ പൊലീസ് പിടികൂടുന്നത്. രാജ്യേദ്രാഹം, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഭീകരപ്രവർത്തനത്തിന് ഫണ്ട് സമാഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.