ജൈവരീതിയിൽ കൃഷി ചെയ്ത കാബേജിന് ഇടനിലക്കാരിട്ടത് തുച്ഛ വില; കടക്കെണിയിലായി മറയൂരിലെ കർഷകർ
ഉപജീവനത്തിനായി തുടങ്ങിയ കൃഷിക്ക് സർക്കാർ സഹായം ലഭിച്ചില്ലെന്നും പരാതിയുണ്ട്
ഇടുക്കി: മികച്ച വിളവ് ലഭിച്ചെങ്കിലും കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാനാകാത്ത അവസ്ഥയിലാണ് ഇടുക്കി മറയൂരിലെ കർഷകർ. ആവശ്യക്കാരില്ലാത്തതും മതിയായ വില ലഭിക്കാത്തതുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.
ഏറെ പ്രതീക്ഷയോടെയാണ് മറയൂർ സ്വദേശി സെൽവരാജ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിയിറക്കിയത്. കാബേജ്, കാരറ്റ്, വെളുത്തുള്ളി, ബീൻസ് എന്നിവയിൽ മികച്ച വിളവും ലഭിച്ചു. എന്നാൽ ആവശ്യക്കാരില്ലാത്തതും ന്യായവില ലഭിക്കാത്തതും തിരിച്ചടിയായി.ജൈവ രീതിയിൽ കൃഷിയിറക്കിയ കാബേജിന് ഇടനിലക്കാരിട്ടത് തുച്ഛമായ വില. ഉപജീവനത്തിനായി തുടങ്ങിയ കൃഷിക്ക് സർക്കാർ സഹായം ലഭിച്ചില്ലെന്നും പരാതിയുണ്ട്.
സംസ്ഥാനത്തിനാവശ്യമായ ശീതകാല പച്ചക്കറികളിൽ ഏറിയ പങ്കും ഉൽപ്പാദിപ്പിക്കുന്നത് മറയൂർ കാന്തല്ലൂർ മേഖലകളിൽ നിന്നാണ്. അതുകൊണ്ടു തന്നെ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് സെൽവരാജുൾപ്പെടെയുള്ള കർഷകരുടെ ആവശ്യം.