'സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല, ആദർശം കണ്ടാണ് പാർട്ടിയിൽ വന്നത്; മുസ്ലിം ലീഗ് വിടില്ലെന്ന് ഫാത്തിമ തഹ്‌ലിയ
പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണ്.
ഹരിത വിവാദത്തെ തുടർന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ ഫാത്തിമ തഹ്‌ലിയ മുസ്ലിം ലീഗ് വിടുമെന്ന അഭ്യൂഹങ്ങൾ പരക്കവെ പാർട്ടി വിടില്ലെന്ന് വ്യക്തമാക്കി.
ആദർശം കണ്ടാണ് പാർട്ടിയിൽ വന്നത് സ്ഥാനമാനങ്ങളോ അധികാരത്തിനോ വേണ്ടിയല്ല പാർട്ടിയിൽ വന്നതെന്ന ഫാത്തിമ തഹ്‌ലിയ പറഞ്ഞു. പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് മറ്റു വാർത്തകൾ ദുരുദ്ദേശപരമാണെന്നും അവർ പറഞ്ഞു.
അതേസമയം ഫാത്തിമ തഹ്‌ലിയ നാളെ മാധ്യമങ്ങളെ കാണും. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയാണ് തഹ്‌ലിയയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റർപാഡിൽ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് തഹ്‌ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിക്കുന്നതെന്ന് വാർത്താകുറിപ്പിൽ പറയുന്നു.
ഹരിതയുടെ പുതിയ സംസ്ഥാന സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തഹ്‌ലിയയ്‌ക്കെതിരെയുള്ള നടപടി. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും കൂടിയാലോചനകളില്ലാതെയുമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഫാത്തിമ തഹ്‌ലിയ ആരോപിച്ചിരുന്നു. വിവാദങ്ങളെ തുടർന്ന് പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷറർ ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്.
ഹരിത വിവാദവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ഫാത്തിമ തഹ്‌ലിയ മാധ്യമങ്ങളെ കാണുന്നത്. ആഗസ്ത് 18ന് കോഴിക്കോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പെൺകുട്ടികൾ ഒറ്റയ്ക്കാണെന്ന് വിചാരിക്കേണ്ടെന്നും പല നേതാക്കളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും ഇവർ പറഞ്ഞിരുന്നു.