'വ്യാജ വാർത്ത തെറ്റായ വാർത്തയായി'; ആയിരം കോടി പിരിക്കണമെന്ന റിപ്പോർട്ടിൽ മലക്കംമറിഞ്ഞ് ധനമന്ത്രി
17-02-2023ന് പുറത്തിറക്കിയ സർക്കുലറിലാണ് മോട്ടോർ വാഹന വകുപ്പിന് ടാർഗറ്റ് നിർണയിച്ചുനൽകിയത്.
കോഴിക്കോട്: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയായി ഈ വർഷം 1000 കോടി രൂപ പിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയെന്ന വാർത്ത സംബന്ധിച്ച നിലപാടിൽ മലക്കംമറിഞ്ഞ് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ. മീഡിയവൺ റിപ്പോർട്ടിന്റെ കാർഡ് പങ്കുവെച്ചുകൊണ്ട് 'യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്ത, വ്യാജ വാർത്ത തള്ളിക്കളയുക' എന്നാണ് ആദ്യം ധനകാര്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടത്. പിന്നീട് ഇത് സംബന്ധിച്ച സർക്കുലർ പുറത്തുവിട്ടതോടെ 'യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ്, തെറ്റായ വാർത്ത തള്ളിക്കളയുക' എന്ന് തിരുത്തുകയായിരുന്നു.
17-02-2023ന് പുറത്തിറക്കിയ സർക്കുലറിലാണ് മോട്ടോർ വാഹന വകുപ്പിന് ടാർജറ്റ് നിർണയിച്ചുനൽകിയത്. 'കേരള സംസ്ഥാന ബഡ്ജറ്റിന്റെ അടിസ്ഥാനത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ മോട്ടോർ വാഹന വകുപ്പ് സ്വരൂപിക്കേണ്ട തുക 4138.59 കോടി രൂപയായി സർക്കാർ നിശ്ചയിച്ചിരിക്കുന്നു. നിലവിൽ പുതുക്കിയ ബഡ്ജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 5300.71 കോടി രൂപയായി നൽകിയിരിക്കുന്നു. ഈ തുക പിരിച്ചെടുക്കുന്നതിനായി ഓരോ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും ടാർജറ്റ് നിശ്ചയിച്ചിട്ടുള്ളത്'-ഇതാണ് സർക്കുലറിൽ പറയുന്നത്.