ആശങ്കകളൊഴിയുന്നു; ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ നിയന്ത്രണവിധേയം
ബ്രഹ്മപുരത്തെ തീ പിടിത്തത്തോടെ കൊച്ചിയിലെയും സമീപ നഗരസഭകളിലെയും മാലിന്യ സംസ്‌കരണം പൂർണമായും നിലച്ചു
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ നിയന്ത്രണ വിധേയം. തീ നിയന്ത്രണ വിധേയമായെങ്കിലും വന്‍തോതില്‍ ഇപ്പോഴും പുക ഉയരുന്നുണ്ട്. ഈ പുക നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സമീപ ജില്ലകളില്‍ നിന്നടക്കം എത്തിയ 25 ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് ഇവിടെ ക്യാമ്പ് ചെയ്യുന്നത്. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യക്കൂനകള്‍ മറിച്ചിട്ട് തീക്കനലുകള്‍ കൂടി അണക്കാനുള്ള ശ്രമമമാണ് തുടരുന്നത്.
പ്ലാന്‍റിനെ 12 ഭാഗമായി തിരിച്ചാണ് ഫയര്‍ഫോഴ്സ് യൂണിറ്റുകളുടെ പ്രവര്‍ത്തനം. പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുളള അഗ്നി രക്ഷാ സേനാ യൂണിറ്റുകളും സ്ഥലത്തുണ്ട്. നേവി , ബി.പി.സി.എൽ, FACT എന്നിവയുടെ അഗ്നി രക്ഷാ യൂണിറ്റുകളും സഹായത്തിനായി എത്തിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ തീയണക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തീ പടര്‍ന്നതിനെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. കമ്മീഷണര്‍ ബ്രഹ്മപുരത്തെത്തി പരിശോധന നടത്തി.
അതിനിടെ ബ്രഹ്മപുരത്തെ തീ പിടിത്തത്തോടെ കൊച്ചിയിലെയും സമീപ നഗരസഭകളിലെയും മാലിന്യ സംസ്‌കരണം പൂർണമായും നിലച്ചു. 4 ദിവസങ്ങൾക്കിപ്പുറവും മാലിന്യ സംസ്ക്കരണത്തിന് ബദൽ മാർഗം കണ്ടെത്താനായിട്ടില്ല. ശനിയാഴ്ച ശേഖരിച്ച മാലിന്യം റോഡരികിലും പല സംഭരണ കേന്ദ്രങ്ങളിലും കെട്ടിക്കിടക്കുകയാണ്.
കൊച്ചി നഗരത്തിന് പുറമെ കളമശ്ശേരി, ആലുവ, തൃക്കാക്കര, അങ്കമാലി തുടങ്ങിയ നഗരസഭകളിലും ചേരാനല്ലൂർ, വടുവുകോട്-പുത്തൻകുരിശ്, ചെല്ലാനം പഞ്ചായത്തുകളിലും മാലിന്യശേഖരണം നിർത്തിവെയ്ക്കേണ്ട സ്ഥിതിയാണ്. പല നഗരസഭകളിൽ നിന്നും മാലിന്യം ശനിയാഴ്ച ബ്രഹ്മപുരത്തേക്ക് പുറപ്പെട്ട ശേഷമാണ് കൊണ്ടുപോകേണ്ടതില്ലെന്ന നിർദേശം കിട്ടിയത്. ബദൽ സംവിധാനം ഇതുവരെ കണ്ടെത്തിയിട്ടില്ല.