മയില്‍ വിവാദത്തില്‍ ട്വിസ്റ്റുമായി ഫിറോസ്; വിമർശങ്ങളെ വറുത്തരച്ച് കറിയാക്കി
സമൂഹമാധ്യമങ്ങളിലടക്കം വന്ന വിമർശങ്ങളിൽ ആരോടും വെറുപ്പും വിഷമവുമില്ല. എല്ലാവരോടും സ്‌നേഹം മാത്രമാണുള്ളത്. ആർക്കെങ്കിലും വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നു-പുതിയ വിഡിയോയില്‍ ഫിറോസ്
സമൂഹമാധ്യമങ്ങളിലെ സംഘ്പരിവാർ വിമർശനങ്ങളെ 'വറുത്തരച്ച് കറിയാക്കി' യൂടൂബർ ഫിറോസ് ചുട്ടിപ്പാറ. ദേശീയപക്ഷിയായ മയിലിനെ അറുത്ത് കറിയാക്കുന്നതായുള്ള വിമർശങ്ങൾക്കു പിറകെയാണ് 'വില്ലേജ് ഫുഡ് ചാനലി'ൽ വൻ ട്വിസ്റ്റുമായ പുതിയ വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. മയിലിനെ അറുത്ത് കറിവയ്ക്കാൻ ഒരിക്കലും പദ്ധതിയുണ്ടായിരുന്നില്ലെന്നും ആളുകൾക്കിടയിൽ കൗതുകമുണ്ടാക്കി വ്യത്യസ്തമായൊരു കണ്ടന്റ് സൃഷ്ടിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിഡിയോയിൽ വിശദീകരിക്കുന്നു. ദുബൈയിലെ ഒരു ശൈഖിന് വളർത്താൻ വേണ്ടി മയിലിനെ നൽകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
''നമ്മളിപ്പോഴുള്ളത് ദുബൈയിലാണ്. നാട്ടിൽ ഇതിനെ തൊടുകയോ പിടിക്കുകയോ വിഡിയോ ഷൂട്ട് ചെയ്യുകയോ ഫോട്ടോ എടുക്കുക പോലും ചെയ്യാൻ പാടില്ല. ദുബൈയിൽ ഇതിനെ വാങ്ങിക്കാം'' എന്ന ആമുഖത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. ആസ്‌ട്രേലിയൻ മയിലിനെയാണ് കിട്ടിയതെന്നും ദുബൈയിൽ മയിലിനെ അറുക്കാനും കഴിക്കാനും നിയമപരമായി അനുമതിയുണ്ടെന്നും അടുപ്പ് കൂട്ടിക്കൊണ്ട് ഫിറോസ് പറഞ്ഞു.
എന്നാൽ, തുടർന്നാണ് ട്വിസ്റ്റ് വരുന്നത്. 'ഈ മയിലിന്റെ ചന്തം കണ്ടാൽ തിന്നാൽ തോന്നുമോ?' എന്നായിരുന്നു അടുത്ത ചോദ്യം. ''ഞങ്ങളത് ചെയ്യില്ല. നമ്മുടെ ദേശീയപക്ഷിയാണിത്. ഇതിനെ തിന്നാൽ പാടില്ല. ഭക്ഷിക്കാനുള്ള സാധനമല്ല ഇത്. രസകരമായ ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. ഇതിനെ കറിവയ്ക്കാൻ മാത്രം മോശക്കാരല്ല ഞങ്ങൾ. ആരും ഇതിനെ കറിവയ്ക്കാൻ പാടില്ല. ഏതു രാജ്യത്ത് പോയാലും നമ്മുടെ ദേശീയപക്ഷിയായ ഇതിനെ കറിവയ്ക്കാൻ പാടില്ല. ഭാവിതലമുറയ്ക്ക് നൽകുന്ന നല്ല സന്ദേശമല്ല ഇത്''-വിഡിയോയിൽ ഫിറോസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ദുബൈയിലെ ഒരു മാർക്കറ്റിൽനിന്ന് വാങ്ങിയ ആസ്‌ട്രേലിയൻ മയിലിനെ ഫിറോസ് ദുബൈയിൽ ഒരു കൊട്ടാരത്തിന്റെ മേൽനോട്ടക്കാരനായ മലയാളിയായ നൗഫലിന് കൈമാറി. സമൂഹമാധ്യമങ്ങളിലടക്കം വന്ന വിമർശങ്ങളിൽ ആരോടും വെറുപ്പും വിഷമവുമില്ല. എല്ലാവരോടും സ്‌നേഹം മാത്രമാണുള്ളത്. ആർക്കെങ്കിലും വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.
മയിലിനെ കറിവയ്ക്കാൻ ദുബൈയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഫിറോസ് പങ്കുവച്ച വിഡിയോക്കെതിരെ സംഘ്പരിവാർ അനുകൂലികളുടെ ശക്തമായ സൈബർ ആക്രമണമാണ് നടന്നിരുന്നത്. ദേശീയത ഉയർത്തിയായിരുന്നു വിമർശങ്ങളെല്ലാം. ദേശീയപക്ഷിയെ കറിവച്ചു കഴിക്കുന്നുവെന്നാണ് ഫിറോസിനെതിരെ വിമർശമുന്നയിച്ചവർ ചൂണ്ടിക്കാട്ടിയത്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള യൂടൂബര്‍മാരില്‍ ഒരാളാണ് ഫിറോസ്. 60 ലക്ഷത്തോളമാണ് നിലവില്‍ അദ്ദേഹത്തെ യൂടൂബില്‍ പിന്തുടരുന്നത്. വ്യത്യസ്തമായ രുചിക്കൂട്ടുകളാണ് ഓരോ വിഡിയോയിലും ഫിറോസ് പങ്കുവയ്ക്കാറുള്ളത്. ട്രാവല്‍ മാസ്റ്റര്‍ എന്ന പേരിലുള്ള ഫിറോസിന്‍റെ മറ്റൊരു യൂടൂബ് ചാനലിന് പത്തുലക്ഷത്തിലേറെ ഫോളോവര്‍മാരുമുണ്ട്.
Summary: Firoz Chuttipara with a twist in the peacock controversy; said the peacock was given to a Dubai native and his only purpose was to create a different content