വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ്; സാൻ ഫെർണാണ്ടോക്ക് വാട്ടർ സല്യൂട്ട്
വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും.
തിരുവനന്തപുരം: കേരളത്തിന്റെ വികസനസ്വപ്‌നം യാഥാർഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. രാവിലെ ഏഴരയോടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽനിന്ന് പുറപ്പെട്ടിരുന്നു. സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ ടഗ് ഷിപ്പുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്.
8000 കണ്ടയിനറുകളാണ് കപ്പലിലുള്ളത്. ഇതിൽ 2000 കണ്ടയിനറുകളാണ് വിഴിഞ്ഞത്ത് ഇറക്കുന്നത്. കണ്ടയിനറുകളിൽ എന്താണുള്ളത് എന്നത് സസ്‌പെൻസായി തന്നെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും. പൂർണതോതിൽ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയൽറണ്ണാണ് ഇന്ന് നടക്കുന്നത്.
ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ തുടർച്ചയായി ചരക്കുകപ്പലുകൾ എത്തും. മൂന്ന് മാസത്തിനുള്ളിൽ തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും.