പള്ളികളിൽ കരിങ്കൊടി കെട്ടി, വിഴിഞ്ഞം തുറമുഖത്തിനെതിരെ ആഞ്ഞടിച്ച് ലത്തീൻ പ്രതിഷേധം; ചർച്ചയ്ക്ക് വഴങ്ങി സർക്കാർ

സമരക്കാർ പുറത്തുനിന്ന് എത്തിയവരാണ് സമരം നടത്തുന്നതെന്നാണ് തുറമുഖം മന്ത്രി അഹമ്മദ് ദേവർകോവിൽ

Update: 2022-08-16 08:15 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ലത്തീൻ സഭ. നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ തുറമുഖം ഉപരോധിച്ചു. മന്ത്രിസഭാ ഉപസമിതിയെ ചർച്ചയ്ക്ക് നിയോഗിച്ച് സമരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അതേസമയം, സമരക്കാർ പുറത്തുനിന്ന് എത്തിയവരാണ് സമരം നടത്തുന്നതെന്നാണ് തുറമുഖം മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചത്.

വിഴിഞ്ഞം തുറമുഖ നിർമ്മാണം ഉടൻ നിർത്തണമെന്നാണ് ലത്തീൻ അതിരൂപതയുടെ ആവശ്യം. നിർമാണം നിർത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് രൂപതയുടെ നിലപാട്. ഇന്നു രാവിലെ അതിരൂപതയുടെ കീഴിലുള്ള മുഴുവ ൻ പള്ളികളിലും കരിങ്കൊടി ഉയർത്തിയ ശേഷമായിരുന്നു പ്രതിഷേധം. തുറമുഖ നിർമാണത്തിനെതിരായ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന ലത്തീൻ അതിരൂപതയുടെ ശക്തമായ സൂചനയായിരുന്നു പ്രതിഷേധം. യുവാക്കളെ കൂടുതലായി അണിനിരത്തിയായിരുന്നു നാലാംഘട്ട സമരം.

മത്സ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി ശാസ്ത്രീയമായ രീതിയിൽ നിർമാണം വേണമെന്ന ആവശ്യം കാലങ്ങളായി സർക്കാർ അവഗണിക്കുകയാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു. പദ്ധതി തീരദേശ മേഖലയെ ഇല്ലാതാക്കുമെന്ന് ബിഷപ്പ് ക്രിസ്തുദാസ് പറഞ്ഞു. നിർമാണം നിർത്തിയില്ലെങ്കിൽ സമരം കൂടുതൽ ശക്തമായി തുടരുമെന്നും സർക്കാർ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്നുമാണ് മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചത്. പുനരധിവാസത്തോടൊപ്പം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതിനിടെ, പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങി. സമരക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. ഭവനപദ്ധതിക്കായി പത്തൊമ്പതര ഏക്കർ ഭൂമി സർക്കാർ വിട്ടുനൽകുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ആറ് മന്ത്രിമാരടങ്ങിയ ഉപസമിതിയെയാണ് സർക്കാർ ചർച്ചയ്ക്ക് നിയോഗിച്ചത്. ആന്റണി രാജു, കെ രാജൻ, എം.വി ഗോവിന്ദൻ, അഹമ്മദ് ദേവർകോവിൽ, ചിഞ്ചുറാണി, വി. അബ്ദുറഹ്മാൻ എന്നിവരാണ് ഉപസമിതി അംഗങ്ങൾ. 22ന് മന്ത്രിസഭാ ഉപസമിതി യോഗം ചേരും.

Full View

തീരസംരക്ഷണ സമിതിയുമായും ചർച്ച നടത്തും. മുട്ടത്തറിയിലെ മൃഗസംരക്ഷണ വകുപ്പിനുകീഴിയുള്ള 17 ഏക്കർ അടക്കം പത്തൊമ്പതര ഏക്കർ ഭൂമിയാണ് വീടുകൾ നഷ്ടമാകുന്ന മത്സ്യതൊഴിലാളികൾക്കായി മാറ്റിവയ്ക്കുക. ഇവിടെ ഫ്‌ളാറ്റ് നിർമിക്കും.

Full View

എന്നാൽ, തുറമുഖം നിർമാണം നിർത്തിവയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം സർക്കാർ തള്ളി. ഇതിൽ സംസ്ഥാന സർക്കാരിന് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെയും നിലപാട്. മത്സ്യത്തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവട്ടത് സർക്കാരാണെന്ന് വിൻസെന്റ് എം.എൽ.എ കുറ്റപ്പെടുത്തി. തുറമുഖത്തിനെതിരെ സമരം ചെയ്യുന്നത് പദ്ധതി പ്രദേശത്തിനു പുറത്തുള്ളവരാണെന്നായിരുന്നു മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രതികരണം. പ്രദേശത്തുള്ളവരുമായി സർക്കാർ നേരത്തെ ചർച്ച നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Summary: Fisherfolk led by the Latin Church intensified protest demanding to stop the construction of Vizhinjam port

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News