സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ അഞ്ച് മരണം
തിരുവനന്തപുരത്ത് ഇന്നോവ കാർ വീട്ടിലേക്ക് ഇടിച്ചു കയറി
എറണാകുളം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ അഞ്ചു മരണം. എറണാകുളം പൊന്നുരുന്നിയിൽ സ്കോർപിയോ കാർ ഇടിച്ച് അച്ഛനും മകനും മരിച്ചു. കൊല്ലം ശാസ്താംകോട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ഇന്നലെ രാത്രി 11.45ഓടെയാണ് വൈറ്റില പൊന്നുരുന്നി റെയിൽവെ മേൽപ്പാലത്തിന് സമീപം അപകടമുണ്ടായത്. പാലക്കാട് സ്വദേശി സുജിത്ത് ഓടിച്ചിരുന്ന കാർ അച്ഛനും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇളംകളം സ്വദേശി ഡെന്നി റാഫേൽ, 11 വയസുള്ള മകൻ ഡെന്നിസൺ എന്നിവരാണ് മരിച്ചത്. പാലത്തിന്റെ കൈവരിയിലേക്ക് തെറിച്ചുവീണ ഇരുവരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് മരണം. പ്രതി മദ്യ ലഹരിയിലായിരുന്നു അമിതവേഗതയിൽ വാഹനം ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തി.
കളമശ്ശേരി സീ പോർട്ട് എയർപോർട്ട് റോഡരികിൽ കിടക്കുകയായിരുന്ന പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കണ്ണൂർ സ്വദേശി അജയ് രമേശ് ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവതിയെ പരിക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് ആഞ്ഞിലിമൂട് സ്വദേശി റോബർട്ട് മരിച്ചത്. എതിർ ദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ച് തീ പിടിക്കുകയായിരുന്നു. കോട്ടയം മണർക്കാട് നിർത്തിയിട്ട ഗ്യാസ് ലോറി പിന്നോട്ട് ഉരുണ്ട് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി ചന്ദ്രദാസ് ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. ചായ കുടിക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് അപകടം. മതിലിനും ലോറിയ്ക്കും ഇടയിൽപ്പെട്ടാണ് ചന്ദ്രദാസ് മരിച്ചത്.
തിരുവനന്തപുരം കല്ലമ്പലം ഞെക്കാട് ജംഗ്ഷന് സമീപം ഇന്നോവ കാർ വീട്ടിലേക്ക് ഇടിച്ചു കയറി. വാഹനത്തിൻറെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. അപകടം നടന്ന സമയം മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.