ഗുജറാത്ത് ആർ.ടി.സിയുടെ മാതൃകയിൽ കെ.എസ്.ആർ.ടി.സിയിലെ ഡീസൽ ബസുകൾ എൽ.എൻ.ജിയിലേക്ക് മാറ്റും
വഡോദരയിലെ ജി.എസ്.ആർ.ടി.സിയുടെ എല്‍.എന്‍.ജി ബസുകള്‍ ഗതാഗതമന്ത്രി ആന്‍റണി രാജുവും സംഘവും നേരില്‍ കണ്ട് വിലയിരുത്തി
തിരുവനന്തപുരം: ഗുജറാത്ത് ആര്‍.ടി.സിയുടെ മാതൃകയില്‍ കെ.എസ്.ആർ.ടി.സിയിലെ ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റും. വഡോദരയിലെ ജി.എസ്.ആർ.ടി.സിയുടെ എല്‍.എന്‍.ജി ബസുകള്‍ ഗതാഗതമന്ത്രി ആന്‍റണി രാജുവും സംഘവും നേരില്‍ കണ്ട് വിലയിരുത്തി. പരീക്ഷണത്തിനായി കെ.എസ്.ആർ.ടി.സിയുടെ അഞ്ച് ബസുകൾ എൽഎൻജിയിലേക്ക് മാറ്റാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനോട് ആവശ്യപ്പെടും.
ഗെയിലും സ്വകാര്യ കമ്പനിയായ ക്രയോഗ്യാസും ചേര്‍ന്നാണ് ഗുജറാത്ത് ആര്‍ടിസിക്കായി ബസുകൾ പരിവര്‍ത്തനം നടത്തി എല്‍എന്‍ജിയാക്കിയത്. ഈ ബസുകള്‍ക്ക് ശരാശരി 5.3 കിലോമീറ്റർ മൈലേജ് ഉണ്ട്. കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ബസുകളുടെ മൈലേജ് പരമാവധി 5 കിലോമീറ്ററാണ്.
എൽ.എൻ.ജിയുടേയും, സി.എൻ.ജിയുടേയും വില കുറയുന്നതിന് അനുസരിച്ചാകും കെഎസ്ആർടിസി ഇത്തരം ഇന്ധനങ്ങളിലേക്ക് ബസുകൾ മാറ്റുന്നത്. ഇതിന് വേണ്ടി ഗെയില്‍ ഉദ്യോഗസ്ഥരുമായി ഗതാഗത വകുപ്പ് ചർച്ച നടത്തും. ഗുജറാത്തുമായുള്ള കരാർ അനുസരിച്ച് ബസിന്‍റെ പരിവര്‍ത്തനം, ഏറ്റെടുക്കുന്ന കമ്പനി തന്നെയാണ് നടത്തുന്നത്. അതിന് ആവശ്യമായ ചിലവ് ഗെയിൽ വഹിക്കും.
പകരം അഞ്ച് വര്‍ഷത്തേക്ക് ഇന്ധനം ഗെയിലില്‍ നിന്ന് വാങ്ങണം. കെഎസ്ആർടിസിയിലെ 10 ഡ്രൈവർമാരെ എൽ.എൻ.ജി ബസുകളിലെ പരിശീലനത്തിനായി ഗുജറാത്തിലേക്ക് അയക്കാനും തീരുമാനിച്ചു.